ടി-20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ പരിമിത ഓവർ ടീമിനെ രോഹിത് നയിച്ചേക്കുമെന്ന് റിപ്പോർട്ട്

വരുന്ന ടി-20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ പരിമിത ഓവർ ടീം ക്യാപ്റ്റനായി രോഹിത് ശർമ്മ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധിക്കാനായി കോലി സ്ഥാനം ഒഴിയുമെന്നും കോലിക്ക് പകരം രോഹിത് ക്യാപ്റ്റനാവും എന്നുമാണ് റിപ്പോർട്ടുകൾ. നിലവിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ് രോഹിത്. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന വിവരം ഏറെ വൈകാതെ കോലി അറിയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടൈം ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Rohit Sharma Virat Kohli)
“വിരാട് തന്നെ ഇക്കാര്യം അറിയിക്കും. തൻ്റെ ബാറ്റിംഗിൽ ശ്രദ്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന പദവിയിലെത്തുക എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലിയുടെ ശ്രമം. ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു താരങ്ങളുമായും ബിസിസിഐ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കോലിയും രോഹിതും തമ്മിൽ പലതവണ ചർച്ചകൾ നടന്നു.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Read Also : ലോകകപ്പ് ടീം ഉപദേശകനായി ധോണി; വിമർശിച്ച് അജയ് ജഡേജ
ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ ക്യാപ്റ്റനാക്കിയ താരമാണ് രോഹിത്. കോലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ള രോഹിത് ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ടീമിൽ സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിലെ സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ലോകേഷ് രാഹുൽ രോഹിതിനൊപ്പം ഓപ്പൺ ചെയ്യും. ധവാന് ഇടം ലഭിച്ചില്ല. യുസ്‌വേന്ദ്ര ചഹാലിന് സ്ഥാനം നഷ്ടമായി. രാഹുൽ ചഹാറാണ് പകരം ടീമിലെത്തിയത്. ജഡേജക്കൊപ്പം സ്പിൻ ഓൾറൗണ്ടറായി അക്സർ പട്ടേൽ ടീമിലെത്തിയതും വരുൺ ചക്രവർത്തി ടീമിൽ ഇടം പിടിച്ചതും അപ്രതീക്ഷിതമായി. ബുംറ, ഭുവി, ഷമി എന്നിവരാണ് പേസർമാർ. ശ്രേയസ് അയ്യർ, ഷർദുൽ താക്കുർ, ദീപക് ഛാഹർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്.
Story Highlight: Rohit Sharma Replace Virat Kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here