തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം ഇന്നു മുതല്‍ അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം ഇന്നു മുതല്‍ അദാനി ഗ്രൂപ്പിന്. എയർപോർട്ട് അതോറിറ്റിയുമായി ചേർന്നാണ് ആദ്യ ഒരുവർഷത്തെ നടത്തിപ്പ്. സംസ്ഥാന സർക്കാരിന്‍റെ എതിർപ്പും നിയമപോരാട്ടവും തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്.
പൊതു – സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ 50 വർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി ഗ്രൂപ്പുമായി നേരത്തെ തന്നെ കൈമാറ്റക്കരാർ ഒപ്പുവെച്ചിരുന്നു. വിമാനത്താവളം ഏറ്റെടുത്ത് നടത്തുന്നതിന്‍റെ സെക്യൂരിറ്റി ക്ലിയറന്‍സും കേന്ദ്രം നേരത്തെ അദാനി ഗ്രൂപ്പിന് നല്‍കിയിരുന്നു. കേന്ദ്രവും അദാനി ഗ്രൂപ്പും കൈമാറ്റക്കരാർ ഒപ്പുവെച്ചെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെയും സ്റ്റേറ്റ് സപ്പോർട്ട് കരാറില്‍ ഒപ്പുവെച്ചിട്ടില്ല. വെള്ളവും വൈദ്യുതിയും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനുള്ള ഉറപ്പാണ് ഈ കരാര്‍.
പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള ഭൂമിയും സംസ്ഥാന സർക്കാർ ഏറ്റെടുത്തു അദാനി ഗ്രൂപ്പിന് കൈമാറണം. വിമാനത്താവള കൈമാറ്റത്തിന് നയപരമായി എതിരായതിനാല്‍ സംസ്ഥാനം കരാര്‍ ഒപ്പിടുന്നത് വൈകിപ്പിക്കും. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ എയർപോർട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും സംസ്ഥാന സർക്കാരും നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ വിധി വരാനിരിക്കെയാണ് വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുക്കുന്നത്. എന്നാല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള വിമാനാത്താവളം കൈമാറുന്നതിന് സംസ്ഥാനത്തിന്‍റെ എതിർപ്പ് തിരിച്ചടിയാകില്ലെന്നാണ് വിലയിരുത്തല്‍.
Read Also : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; 1.81 കോടിയുടെ സ്വര്‍ണം പിടികൂടി
വിമാനത്താവളം ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി ഓഗസ്റ്റ് 16 മുതല്‍ അദാനിഗ്രൂപ്പ് പ്രതിനിധികള്‍ വിമാനത്താവളത്തില്‍ എത്തി പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അദാനി ഗ്രൂപ്പ് ഓഫീസും തുറന്നു. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ആദ്യ ഒരുവർഷം അദാനി ഗ്രൂപ്പും – എയർപോർട്ട് അതോറിറ്റിയും സംയുക്തമായാണ് മുന്നോട്ട് കൊണ്ടുപോവുക. അടുത്തവർഷം മുതല്‍ വിമാനത്താവളത്തിന്‍റെ പൂർണാവകാശം അദാനി ഗ്രൂപ്പിന് മാത്രമായി മാറും.
Story Highlight: thiruvananthapuram airport adani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here