Advertisement

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി; ഇന്ന് നല്‍കിയത് നാല് ലക്ഷത്തിലധികം പേര്‍ക്ക്

September 15, 2021
Google News 2 minutes Read
covid vaccination kerala

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനം കഴിഞ്ഞതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.42 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും(2,30,80,548) 32.30 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (92,71,115) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,23,51,663 ഡോസ് വാക്സിന്‍ നല്‍കാനായി.covid vaccination kerala

സംസ്ഥാനത്ത് ഇന്ന് 4,76,603 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 1528 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1904 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തിന് 6,94,210 ഡോസ് വാക്സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 2,91,000, എറണാകുളത്ത് 1,80,210, കോഴിക്കോട് 2,23,000 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് ലഭ്യമായത്. ലഭ്യമായ വാക്സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു.

രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്സിന്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.
വാക്സിനേഷനായി രജിസ്ട്രേഷന്‍ നടത്താനറിയാത്തവര്‍ക്കും വാക്സിന്‍ നല്‍കി. വാക്സിന്‍ സമത്വത്തിനായി വേവ് ക്യാമ്പയിന്‍ നടപ്പിലാക്കി. കൂടാതെ ഗര്‍ഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍ എന്നിവയും നടപ്പിലാക്കിതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read Also : സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം; ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി തുടരും: മുഖ്യമന്ത്രി

അതേസമയം കൊവിഡിനെതിരായ പ്രതിരോധത്തില്‍ പ്രധാനം വാക്സിനേഷനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരമാവധി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സംരക്ഷിക്കുക എന്നതാണ് കൊവിഡിനെതിരായ പ്രതിരോധത്തില്‍ പ്രധാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 18 വയസിന് മുകളിലുള്ളവര്‍ക്ക് ഈ മാസം തന്നെ വാക്സിന്‍ നല്‍കും. 18 വയസ്സായ എല്ലാവര്‍ക്കും ഈ മാസം ആദ്യഡോസ് നല്‍കാനായാല്‍ രണ്ട് മാസം കൊണ്ട് രണ്ടാം ഡോസ് വാക്സിനേഷനും പൂര്‍ത്തിയാക്കാന്‍ കഴിയും.

സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.

Story Highlight: covid vaccination kerala, veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here