കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലുറച്ച് സിപിഐ

കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളിലുറച്ച് സിപിഐ. പാർട്ടി ചർച്ച ചെയ്തെടുത്ത നിലപാടാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്ന് സിപിഐ പറഞ്ഞു. കേരള കോൺഗ്രസിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും, എന്നാൽ അവലോകന റിപ്പോർട്ടിൽ യാതൊരു മാറ്റവും വരുത്തില്ലെന്നും സിപിഐ വ്യക്തമാക്കി. വിഷയം എൽഡിഎഫിൽ ചർച്ചയ്ക്ക് വന്നാൽ അപ്പോൾ നിലപാട് പറയുമെന്ന് സിപിഐ അറിയിച്ചു. ( cpi stands firm on report against kerala congress )
അതേസമയം, സിപിഐക്കെതിരെ എല്‍ഡിഎഫിൽ പരാതി നൽകാനൊരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് എം. സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ചാണ് പരാതി നൽകുക. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നതെന്നും സിപിഐ റിപ്പോര്‍ട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും പരാതിയിൽ കേരളാ കോൺഗ്രസ് എം ഉന്നയിക്കും. സിപിഐയ്ക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്കയാണെന്നും പരാതിയില്‍ ഉന്നയിച്ചേക്കും. കേരളാ കോൺഗ്രസ് എമ്മിന് കടുത്തുരുത്തിയിലും പാലായിലും സിപിഐയുടെ സഹായം ലഭിച്ചില്ലെന്നും പരാതിപ്പെടും.
Read Also : സിപിഐക്കെതിരെ പരാതി നൽകാനൊരുങ്ങി കേരള കോണ്‍ഗ്രസ് എം
സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ബാലിശമെന്ന് കോണ്‍ഗ്രസ് (എം) അഭിപ്രായപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി സിപിഐയെ വിമർശിച്ചിരുന്നു. ജോസ് കെ മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവര്‍ പല തെരഞ്ഞെടുപ്പുകളിലും തോറ്റവരാണ്. കേരള കോണ്‍ഗ്രസിന്റെ സ്വാധീനം അറിയണമെങ്കില്‍ സിപിഐ എംഎല്‍എ വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതി. പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്തം വ്യക്തികളില്‍ കെട്ടിവയ്ക്കുന്നത് പാപ്പരത്തമാണെന്നും കോണ്‍ഗ്രസ് (എം) വിമര്‍ശിച്ചു.
സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ജോസ് കെ മാണിയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശനമുണ്ടായിരുന്നു. ജോസ് കെ മാണി ജനകീയനല്ലെന്നും പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്നുമായിരുന്നു വിമര്‍ശനം. പാലായിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ നിസംഗരായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തിലെ ഒരു വിഭാഗം ഉള്‍ക്കൊണ്ടില്ലെന്നും സിപിഐ കുറ്റപ്പെടുത്തിയിരുന്നു.
Story Highlight: cpi stands firm on report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here