Advertisement

ഇന്ത്യൻ ടീം അംഗങ്ങൾ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തത് മാസ്ക് ധരിക്കാതെയെന്ന് വെളിപ്പെടുത്തൽ

September 15, 2021
Google News 2 minutes Read
Indian players mask Doshi

ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യൻ ടീം അംഗങ്ങൾ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തത് മാസ്ക് ധരിക്കാതെയെന്ന് വെളിപ്പെടുത്തൽ. ഇന്ത്യയുടെ മുൻ താരം ദിലീപ് ദോഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചടങ്ങിൽ താനും സന്നിഹിതനായിരുന്നു എന്നും ഇന്ത്യൻ ടീം അംഗങ്ങൾ മാസ്ക് ധരിക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നും ദോഷി പറഞ്ഞു. (Indian players mask Doshi)

“ഞാനും പുസ്തക പ്രകാശനത്തിൽ പങ്കെടുത്തിരുന്നു. താജ് ഗ്രൂപ്പാണ് എന്നെ ക്ഷണിച്ചത്. ഇന്ത്യൻ ടീം താരങ്ങളും നിരവധി വിശിഷ്ടാതിഥികളും അവിടെയുണ്ടായിരുന്നു. അവർ ആരും മാാസ്ക് ധരിച്ചിരുന്നില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാൻ മൈക്കൽ ഹോൾഡിംഗുമായി സംസാരിച്ചിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത്, ബിസിസിഐ നേരത്തെ തന്നെ അഞ്ചാം ടെസ്റ്റ് നടത്താൻ ആഗ്രഹിച്ചിരുന്നില്ല എന്നാണ്. ഓവലിലെ നാലാം ടെസ്റ്റോടെ പരമ്പര അവസാനിപ്പിക്കാനായിരുന്നു ബിസിസിഐയുടെ പദ്ധതി. അങ്ങനെയെങ്കിൽ ടെസ്റ്റ് പരമ്പരയും ഐപിഎലിലും തമ്മിൽ വേണ്ടത്ര ഇടവേള ലഭിക്കുമായിരുന്നു. പക്ഷേ, ഇസിബിയുടെ വാശിയിൽ അഞ്ചാം ടെസ്റ്റ് തീരുമാനിക്കുകയായിരുന്നു.”- ദോഷി പറഞ്ഞു.

Read Also : ടി-20 ലോകകപ്പിനു ശേഷം രവി ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയും

ബബിളിനു പുറത്ത് പുസ്തക പ്രകാശനം സംഘടിപ്പിച്ച് രവി ശാസ്ത്രിക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് റദ്ദാക്കിയത് ഐപിഎലിനു വേണ്ടിയല്ലെന്നും താരങ്ങൾ പേടിച്ചിരുന്നു എന്നും ഗാംഗുലി അറിയിച്ചു.

കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ അവസാന ടെസ്റ്റിൽ കളിക്കാനിറങ്ങാൻ സാധിക്കില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്. മത്സരം റദ്ദാക്കിയെന്നും പരമ്പര 2-2 എന്ന നിലയിൽ സമനില ആയെന്നും ആദ്യം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തു. പിന്നീട് ഇത് തിരുത്തി മത്സരം 2-1 എന്ന നിലയിൽ നിൽക്കുകയാണെന്നറിയിച്ചു. ഈ ടെസ്റ്റ് പിന്നീട് നടത്തുമെന്നാണ് വിവരം. പരമ്പരയിലെ അഞ്ചാം ടെസ്റ്റായിത്തന്നെ മത്സരം നടത്തുമെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി.

രവി ശാസ്ത്രിക്കും സഹ പരിശീലകർക്കും പിന്നാലെ ഇന്ത്യൻ ടീമിലെ മറ്റൊരു സപ്പോർട്ട് സ്റ്റാഫിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതാണ് ടെസ്റ്റ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഫിസിയോ യോഗേഷ് പർമർക്കാണ് അവസാനം കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlight: Indian players mask book launch event Dilip Doshi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here