Advertisement

രാഹുല്‍ ഗാന്ധിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം; നടപ്പാതയില്‍ ഗംഗാജലം കൊണ്ട് ശുദ്ധികലശം നടത്തി ബിജെപി

September 16, 2021
2 minutes Read
bjp against rahul gandhi

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തില്‍ വിചിത്ര നടപടിയുമായി ബിജെപി. രാഹുല്‍ ഗാന്ധി എംപി സന്ദര്‍ശനം നടത്തിയ പ്രദേശത്ത് വഴികളില്‍ ഗംഗാജലം കൊണ്ട് ബിജെപി ശുദ്ധികലശം നടത്തി.bjp against rahul gandhi

ഈ മാസം 9നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജമ്മുകശ്മീലെ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്. കത്ര ബേസ്‌ക്യാമ്പില്‍ നിന്നും 13 കിലോമീറ്റര്‍ കാല്‍നടയായിട്ടായിരുന്നു സന്ദര്‍ശനം. രാഹുല്‍ഗാന്ധി കാല്‍നടയായി സഞ്ചരിച്ച വഴിയിലാണ് ജമ്മുകശ്മീര്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗംഗാജലംകൊണ്ട് ശുദ്ധികലശം നടത്തി പ്രതിഷേധിച്ചത്. പരിപാവനമായ ക്ഷേത്രത്തിന്റെ പവിത്രത കോണ്‍ഗ്രസ് നേതാക്കള്‍ തകര്‍ത്തു എന്ന് പറഞ്ഞായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരുടെ പാര്‍ട്ടി പതാക കയ്യിലേന്തി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പുണ്യക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതെന്നും യുവമോര്‍ച്ച നേതാക്കള്‍ ആരോപിച്ചു.

കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ‘കശ്മീരി സഹോദരങ്ങളോടും സഹോദരിമാരോടും ദയ തോന്നുകയാണ്. നിങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാടുകളും വേദനയും ഈ രാജ്യം ഒരിക്കലും മറക്കില്ല. നിങ്ങള്‍ക്കെന്റെ കൃതജ്ഞത’. എംപി ഫേസ്ബുക്കില്‍ കുറിച്ചു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള എംപിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. 2019 ഓഗസ്റ്റ് 5നാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also : കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗം രാജ്യം മറക്കില്ല; രാഹുല്‍ ഗാന്ധി

‘എനിക്കെന്റെ സ്വന്തം വീട്ടിലെത്തിയ തോന്നലാണുണ്ടായത്. എന്റെ കുടുംബത്തിന് ജമ്മുകശ്മീരുമായി വര്‍ഷങ്ങളായുള്ള ബന്ധമുണ്ട്. ഞാനും എന്റെ കുടുംബവും കശ്മീരി പണ്ഡിറ്റുകളാണ്. ഞാനിപ്പോള്‍ അറിയുന്നത് നിങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു. പക്ഷേ രാജ്യം ഭരിക്കുന്ന ബിജെപി ഒന്നുംതന്നെ ചെയ്തില്ല. എന്റെ സഹോദരന്മാര്‍ക്കുവേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ ഞാന്‍ ചെയ്യും’. സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു.

തന്റെ മനസില്‍ ജമ്മുകശ്മീരിന് പ്രത്യേക സ്ഥാനമാണുള്ളതെന്നും പക്ഷേ ആ സാഹോദര്യം തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Story Highlights :bjp against rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top