Advertisement

പര്യടനത്തിൽ നിന്ന് ന്യൂസീലൻഡ് പിന്മാറിയ സംഭവം; ഐസിസിക്ക് പരാതി നൽകുമെന്ന് പിസിബി

September 17, 2021
Google News 2 minutes Read
pcb new zealand cricket

പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡിനെതിരെ ഐസിസിക്ക് പരാതി നൽകുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിൻ്റെ നടപടിക്കെതിരെ ഐസിസിയെ സമീപിക്കുമെന്ന് പിസിബി ചെയർമാൻ റമീസ് രാജ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റമീസ് രാജ മുന്നറിയിപ്പ് നൽകിയത്. (pcb new zealand cricket)

സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തിൽ ഉണ്ടായിരുന്നത്.

മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടിൽ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നത് സംശയത്തിനിടയാക്കി. തുടർന്ന് സംഭവത്തിൽ വ്യക്തത വരുത്തി ന്യൂസീലൻഡ് ക്രിക്കറ്റ് രംഗത്തുവരികയായിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സുരക്ഷാ ഭീഷണിയെപ്പറ്റി കൂടുതൽ വിവരിക്കാനില്ലെന്നും ബോർഡ് വ്യക്തമാക്കി. ടീം ഉടൻ പാകിസ്താനിൽ നിന്ന് ന്യൂസീലൻഡിലേക്ക് മടങ്ങും.

Read Also : സുരക്ഷാ ഭീഷണി: പാക് പര്യടനത്തിൽ നിന്ന് ന്യൂസീലൻഡ് പിന്മാറി

അതേസമയം, പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരുന്നതെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു. പാകിസ്താൻ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളിൽ ന്യൂസീലൻഡ് തൃപ്തരായിരുന്നു. ഇമ്രാൻ ഖാൻ വ്യക്തിപരമായി ജസീന്ത ആർഡനോട് സംസാരിച്ചിരുന്നു. മികച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും ഒരു തരത്തിലുള്ള ഭീതിയും വേണ്ടെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. അവസാന നിമിഷം പര്യടനത്തിൽ പിന്മാറിയത് നിരാശയുണ്ടാക്കുന്നു എന്നും പിസിബി വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസമാണ് മുൻ ദേശീയ താരവും കമൻ്റേറ്ററുമായ റമീസ് രാജ പിസിബി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. മുൻ ചെയർമാനായ ഇഹ്‌സാൻ മാനിയുടെ കാലാവധി അവസാനിച്ചതോടെ മുൻ താരത്തെ ചെയർമാനായി തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

റമീസ് രാജയെ ചെയർമാനായി പരിഗണിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് പിസിബിയോട് അഭ്യർത്ഥിച്ചത്. ക്രിക്കറ്റ് ബോർഡിൻ്റെ രക്ഷാധികാരി കൂടിയായ ഇമ്രാൻ ഖാന് ഇഹ്സാൻ മാനിയുടെ പ്രകടനത്തിൽ തൃപ്തി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ റമീസ് രാജയെ ഇമ്രാൻ ഖാൻ പിന്തുണയ്ക്കുകയായിരുന്നു. ചെയർമാൻ സ്ഥാനത്തേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് തന്നെ ടി-20 ലോകകപ്പിനുള്ള ടീം സെലക്ഷനിൽ റമീസ് രാജ ഇടപെട്ടു എന്ന് പാക് മാധ്യമങ്ങൾ റീപ്പോർട്ട് ചെയ്തിരുന്നു.

Story Highlights :pcb against new zealand cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here