കോലി ആർസിബി ക്യാപ്റ്റൻ സ്ഥാനം രാജിവെക്കണമെന്ന് ബാല്യകാല പരിശീലകൻ

വിരാട് കോലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് ബാല്യകാല പരിശീലകൻ രാജ്‌കുമാർ ശർമ്മ. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ കോലി കുറേക്കൂടി ഫ്രീയാകുമെന്നും അത് അദ്ദേഹത്തിൻ്റെ ബാറ്റിംഗിനെ തുണയ്ക്കുമെന്നും മുൻ രഞ്ജി താരം കൂടിയായ രാജ്കുമാർ പറഞ്ഞു. (Kohli RCB captaincy Rajkumar)
“അദ്ദേഹം ആർസിബി ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്നാണ് ഞാൻ ചിന്തിക്കുന്നത്. ഫ്രാഞ്ചൈസിക്ക് വേണ്ടി ബാറ്റ്സ്മാനായിത്തന്നെ കളിക്കണം. അത് അദ്ദേഹത്തിനു ഗുണം ചെയ്യും. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ ഇത് അദ്ദേഹത്തെ സഹായിക്കും.”- അദ്ദേഹം പറഞ്ഞു.
ഐസിസി ട്രോഫികളില്ല എന്നത് ഒരു കുറവല്ല എന്നും രാജ്കുമാർ ശർമ്മ വ്യക്തമാക്കി. കോലി മൂന്ന് ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ്. എത്ര ഐസിസി ട്രോഫികൾ നേടിയെന്ന് പരിഗണിച്ച് ഒരു ക്യാപ്റ്റനെ വിലയിരുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : കൊവിഡ് മുന്നണിപ്പോരാളികൾക്ക് ആദരം; ആദ്യ മത്സരം ആർസിബി നീല ജഴ്സിയിൽ കളിക്കും
കഴിഞ്ഞ ദിവസമാണ് താൻ ടി-20 ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിരമിക്കുമെന്ന് കോലി പ്രഖ്യാപിച്ചത്. ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനു ശേഷമാവും വിരമിക്കൽ. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് വിരാട് പറയുന്നു. ഒന്‍പത് വര്‍ഷത്തോളമായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചു വരികയാണ്. 5-6 വര്‍ഷമായി നായകനെന്ന നിലയില്‍ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നല്‍കണമെന്ന് സ്വയം തോന്നുകയാണ്. ട്വന്റി-20യില്‍ ബാറ്റ്‌സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിക്കുന്നു.
ഏറെ നാളത്തെ ആലോചനകള്‍ക്ക് ശേഷമാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത്. രവി ശാസ്ത്രി, രോഹിത് ഉള്‍പ്പെടെയുള്ളവരുമായി വിഷയം ചര്‍ച്ച ചെയ്തു. ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 വേള്‍ഡ് കപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് സിംഗ്, സെലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരോടും തീരുമാനം പറഞ്ഞിരുന്നു. തന്റെ കഴിവിന്റെ മുഴുവന്‍ പുറത്തെടുത്ത് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റിനായി സേവനം തുടരുമെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടി-20 ലോകകപ്പിനു ശേഷം പരിശീലകൻ രവി ശാസ്ത്രിയും സ്ഥാനമൊഴിയും. പകരം പരിശീലകരെ ബിസിസിഐ പരിഗണിച്ചുതുടങ്ങിയിട്ടുണ്ട്.
Story Highlights : Virat Kohli RCB captaincy Rajkumar Sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here