പള്ളിത്തർക്ക കേസിലെ ഹൈക്കോടതി ഇടപെടൽ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ

ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കത്തിൽ കോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെയുള്ള ഹൈക്കോടതി നിർദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് സഭ. നിയമങ്ങൾ നടപ്പാക്കാൻ ഏതൊരു സർക്കാരിനും ബാധ്യത ഉണ്ട്. ക്രമസമാധാനത്തിൻ്റെ പേരിൽ കോടതി ഉത്തരവുകൾ നടപ്പാക്കാതെ ഇരുന്നാൽ, അത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭ മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.
ക്രമസമാധാനത്തിൻ്റെ പേരിൽ കോടതി ഉത്തരവുകൾ നടപ്പാക്കാതെ ഇരുന്നാൽ അത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്. നീതി നിഷേധത്തിനു സംസ്ഥാന സർക്കാർ കൂട്ടുനിൽക്കില്ലെന്ന് കരുതുന്നു. നിയമത്തോടുള്ള പ്രതിബദ്ധത സർക്കാർ പാലിച്ചേ മതിയാകൂവെന്ന് ബിജു ഉമ്മൻ അഭിപ്രായപ്പെട്ടു.
ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കത്തിൽ കോടതി ഉത്തരവ് നടപ്പാക്കാത്തത്തിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. കോടതി ഉത്തരവുകൾ അടിയന്തരമായി നടപ്പാക്കണമെന്നും ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവുകൾ പാടില്ലെന്നും ഹൈക്കോടതിയുടെ മുന്നറിയിപ്പ് നൽകി. ഓർത്തഡോക്സ്, യാക്കോബായ സഭ ഭിന്നത രൂക്ഷമാണ്. ഈ മാസം 29 നകം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കേസുകളിൽ നിലപാടറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് ഓർത്തഡോക്സ് പള്ളികമ്മിറ്റികൾ നൽകിയ ഹർജിയിലാണ് കോടതി പരാമർശം.
എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണ്. ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിൽ ആണെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Read Also : ഓർത്തഡോക്‌സ് സഭയുമായി യോജിപ്പ് ചർച്ചകൾക്കില്ലെന്ന് യാക്കോബായ സഭ
Story Highlights : Orthodox Church welcomes High Court intervention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here