ന്യൂസീലൻഡ് വനിതാ ടീമിന് ബോംബ് ഭീഷണി; സുരക്ഷ വർധിപ്പിക്കും

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ന്യൂസീലൻഡ് വനിതാ ടീമിന് ബോംബ് ഭീഷണി. താരങ്ങൾ താമസിക്കുന്ന ഹോട്ടലിലും സഞ്ചരിക്കുന്ന വിമാനത്തിലും ബോംബ് വെക്കുമെന്നാണ് ഭീഷണി. ഇതേതുടർന്ന് ടീമിനുള്ള സുരക്ഷ വർധിപ്പിച്ചു. പാകിസ്താൻ പര്യടനത്തിൽ നിന്ന് പുരുഷ ടീം പിന്മാറിയതിനു പിന്നാലെയാണ് വനിതാ ടീമിനെതിരെ ഭീഷണി സന്ദേശം എത്തിയത്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് പുരുഷ ടീം പാക് പര്യടനത്തിൽ നിന്ന് പിന്മാറിയത്. (New Zealand bomb threat)
അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതായി ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നടക്കാനിരിക്കെയാണ് ഭീഷണി ലഭിച്ചത്. എന്നാൽ പര്യടനവുമായി മുന്നോട്ടുപോകുമെന്ന് ഇരു ബോർഡുകളും അറിയിച്ചു. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-0നു മുന്നിലാണ്.
Read Also : ന്യൂസീലൻഡ് ടീം ദുബായിലെത്തി
സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടിൽ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നത് സംശയത്തിനിടയാക്കി. തുടർന്ന് സംഭവത്തിൽ വ്യക്തത വരുത്തി ന്യൂസീലൻഡ് ക്രിക്കറ്റ് രംഗത്തുവരികയായിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സുരക്ഷാ ഭീഷണിയെപ്പറ്റി കൂടുതൽ വിവരിക്കാനില്ലെന്നും ബോർഡ് വ്യക്തമാക്കി.
പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡിനെതിരെ ഐസിസിക്ക് പരാതി നൽകുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിൻ്റെ നടപടിക്കെതിരെ ഐസിസിയെ സമീപിക്കുമെന്ന് പിസിബി ചെയർമാൻ റമീസ് രാജ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റമീസ് രാജ മുന്നറിയിപ്പ് നൽകിയത്.
ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറാനൊരുങ്ങുന്നുകയാണ്. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഏറെ വൈകാതെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തീരുമാനമെടുക്കും. ഇംഗ്ലണ്ട് കൂടി പിന്മാറിയാൽ തങ്ങളുടെ ഹോം മത്സരങ്ങൾക്കുള്ള വേദി വീണ്ടും യുഎഇയിലേക്ക് മാറ്റാൻ പിസിബി നിർബന്ധിതരാവും.
Story Highlights : New Zealand women’s cricket bomb threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here