‘ശിഖണ്ഡി’ എന്ന പ്രയോഗം; 21 വർഷം മുൻപെഴുതിയ കവിത പിൻവലിച്ച് എംഎസ് ബനേഷ്

‘കൊലപാതകം: ചില നിരീക്ഷണങ്ങള്‍’ എന്ന പേരില്‍ 21 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച കവിത പിൻവലിച്ച് എംഎസ് ബനേഷ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ബനേഷിന്റെ ആദ്യ കവിതാസമാഹാരമായ ‘നെഞ്ചുംവിരിച്ച് തലകുനിക്കുന്നു’ എന്ന പുസ്തകത്തില്‍ നിന്നുകൂടി ആ കവിത പിന്‍വലിക്കുന്നതായി കവി അറിയിച്ചു. ( ms banesh withdraw poem )
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബനേഷിന്റെ ക്ഷമാപണം. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ : ‘രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദത്തിന്‍റെ വിശാലമായ മാനവികാര്‍ത്ഥം കേരളത്തില്‍ പലര്‍ക്കും പിടികിട്ടാതിരുന്നതുപോലെ എനിക്കും ആ വാക്കിന്‍റെ ഗഹനത അറിയാന്‍ കഴിഞ്ഞിരുന്നില്ല. നിരന്തരമായി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്ന ഒരു വേളയിലായിരുന്നു ആ കവിത ഞാനെഴുതിയത്. നാം ഒരു നപുംസകമാണെന്നും ഒരു ഭീഷ്മരെയും വീഴ്ത്താനാവാത്ത ശിഖണ്ഡിയാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് ആ കവിത അവസാനിപ്പിച്ചത്. നപുംസകമെന്നും ശിഖണ്ഡിയെന്നുമൊക്കെയുള്ള പദങ്ങള്‍, പരിഹാസത്തിന്‍റെ സംസ്കാരംകൊണ്ട് പാകപ്പെടുത്തിയെടുത്തതാണെന്ന് പില്‍ക്കാലത്ത് നാം തിരിച്ചറിഞ്ഞു. കഴിഞ്ഞ വര്‍ഷം ട്രാന്‍സ് ജെന്‍ഡര്‍ അനന്യയും കൂടി പങ്കെടുത്ത ഒരു പരിപാടിയുടെ ചിത്രീകരണത്തിനുശേഷം, കട്ടന്‍ചായ കുടിച്ചിരിക്കെ, അനന്യ എന്‍റെ കവിതാസമാഹാരത്തിലെ ഈ കവിത വായിച്ചിട്ട് എന്നെ നോക്കിയ ഒരു കഠിനനോട്ടമുണ്ട്. അന്നാണ് ഈ കവിതയിലെ അപായസൂചന എനിക്ക് ആദ്യം തെളിഞ്ഞുകിട്ടിയത്. നപുംസകമെന്നും ശിഖണ്ഡിയെന്നുമുള്ള രണ്ടുപദങ്ങള്‍ ഒഴിവാക്കി മറ്റേതെങ്കിലും പദങ്ങളാല്‍ ആ കവിതയെ നിലനിര്‍ത്താന്‍ കഴിയുമോയെന്ന് ഞാന്‍ പിന്നീട് പല സന്ദര്‍ഭങ്ങളില്‍ ആലോചിച്ചുനോക്കി. ഇപ്പോള്‍ മനസ്സിലാവുന്നു ആ കവിതയെഴുതിയ വേളയിലെ മനസ്സിലെ പൊതുബോധമാണ് കുറ്റക്കാരന്‍. അതിനുള്ള പ്രായശ്ചിത്തം ഈ കവിത പിന്‍വലിക്കുക തന്നെയാണ്’.
Read Also : മീശ നോവൽ നിരോധിക്കണമെന്ന ഹർജി തള്ളി
ഭാവിയില്‍ ‘നെഞ്ചുംവിരിച്ച് തലകുനിക്കുന്നു’ പുന:പ്രസിദ്ധീകരിക്കുമ്പോഴോ, പൂര്‍ണ്ണസമാഹാരം ആകുമ്പോഴോ ഈ കവിത ഉള്‍പ്പെടുത്തില്ലെന്നും ക്ഷമാപണത്തോടെ ആ കവിത താന്‍ പിന്‍വലിക്കുകയാണെന്നും ബനേഷ് കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം :
‘ശിഖണ്ഡി’ എന്ന പ്രയോഗം, ക്ഷമാപണത്തോടെ ആ കവിത ഞാന്‍ പിന്‍വലിക്കുന്നു.
‘കൊലപാതകം: ചില നിരീക്ഷണങ്ങള്‍’ എന്ന പേരില്‍ 21 വര്‍ഷം മുമ്പ് മാധ്യമം ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച കവിത ഞാന്‍ പിന്‍വലിക്കുകയാണ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച എന്‍റെ ആദ്യ കവിതാസമാഹാരമായ ‘നെഞ്ചുംവിരിച്ച് തലകുനിക്കുന്നു’ എന്ന പുസ്തകത്തില്‍ നിന്നുകൂടി ആ കവിത പിന്‍വലിക്കുന്നു.
രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന്‍റെ വിശാലമായ മാനവികാര്‍ത്ഥം കേരളത്തില്‍ പലര്‍ക്കും പിടികിട്ടാതിരുന്നതുപോലെ എനിക്കും ആ വാക്കിന്‍റെ ഗഹനത അറിയാന്‍ കഴിഞ്ഞിരുന്നില്ല. നിരന്തരമായി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്ന ഒരു വേളയിലായിരുന്നു ആ കവിത ഞാനെഴുതിയത്. നാം ഒരു നപുംസകമാണെന്നും ഒരു ഭീഷ്മരെയും വീഴ്ത്താനാവാത്ത ശിഖണ്ഡിയാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് ആ കവിത അവസാനിപ്പിച്ചത്. നപുംസകമെന്നും ശിഖണ്ഡിയെന്നുമൊക്കെയുള്ള പദങ്ങള്‍, പരിഹാസത്തിന്‍റെ സംസ്കാരംകൊണ്ട് പാകപ്പെടുത്തിയെടുത്തതാണെന്ന് പില്‍ക്കാലത്ത് നാം തിരിച്ചറിഞ്ഞു.
കഴിഞ്ഞ വര്‍ഷം ട്രാന്‍സ് ജെന്‍ഡര്‍ അനന്യയും കൂടി പങ്കെടുത്ത ഒരു പരിപാടിയുടെ ചിത്രീകരണത്തിനുശേഷം, കട്ടന്‍ചായ കുടിച്ചിരിക്കെ, അനന്യ എന്‍റെ കവിതാസമാഹാരത്തിലെ ഈ കവിത വായിച്ചിട്ട് എന്നെ നോക്കിയ ഒരു കഠിനനോട്ടമുണ്ട്. അന്നാണ് ഈ കവിതയിലെ അപായസൂചന എനിക്ക് ആദ്യം തെളിഞ്ഞുകിട്ടിയത്. നപുംസകമെന്നും ശിഖണ്ഡിയെന്നുമുള്ള രണ്ടുപദങ്ങള്‍ ഒഴിവാക്കി മറ്റേതെങ്കിലും പദങ്ങളാല്‍ ആ കവിതയെ നിലനിര്‍ത്താന്‍ കഴിയുമോയെന്ന് ഞാന്‍ പിന്നീട് പല സന്ദര്‍ഭങ്ങളില്‍ ആലോചിച്ചുനോക്കി.
ഇപ്പോള്‍ മനസ്സിലാവുന്നു ആ കവിതയെഴുതിയ വേളയിലെ മനസ്സിലെ പൊതുബോധമാണ് കുറ്റക്കാരന്‍. അതിനുള്ള പ്രായശ്ചിത്തം ഈ കവിത പിന്‍വലിക്കുക തന്നെയാണ്. അല്പംമുമ്പ് കേരളത്തിലെ ഉന്നതനായ ഒരു രാഷ്ട്രീയനേതാവ് മറ്റൊരു രാഷ്ട്രീയനേതാവിനെ ശിഖണ്ഡി എന്ന് വിളിച്ചിരിക്കുന്നു. ആ വിളിയില്‍ അദ്ദേഹം സ്വയമറിഞ്ഞോ അറിയാതെയോ അപമാനിക്കുന്നത് ആ വാക്ക് ഇക്കാലമത്രയും ഒരു വലിയ മനുഷ്യസമൂഹത്തോട് പുലര്‍ത്തിയിരുന്ന മുഴുവന്‍ അപമാനമാണ്.
ഭാവിയില്‍ ‘നെഞ്ചുംവിരിച്ച് തലകുനിക്കുന്നു’ പുന:പ്രസിദ്ധീകരിക്കുമ്പോഴോ, പൂര്‍ണ്ണസമാഹാരം ആകുമ്പോഴോ ഈ കവിത ഉള്‍പ്പെടുത്തില്ല. ഇപ്പോള്‍ ഇതോടൊപ്പം ആ കവിത താഴെ ഒരു ദിവസത്തേയ്ക്ക് മാത്രം നല്‍കുന്നു. എന്തുകൊണ്ട് ഈ ഇല്ലാതാക്കല്‍ എന്ന് വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ മാത്രം. നാളെ ഇതേനേരം എഡിറ്റ് ചെയ്ത് ഈ കവിത കളയും.
എഴുതിയ ഓരോ കവിതയും അയയ്ക്കുന്നതിന് മുമ്പ് മാസങ്ങളോളമോ വര്‍ഷങ്ങളോളമോ കയ്യില്‍ വച്ച് പലതവണ ആറ്റിക്കുറുക്കലുകള്‍ക്കും വിസ്തൃതമാക്കലുകള്‍ക്കും വിധേയമാക്കി അത്രമേല്‍ ബോധ്യംവരുമ്പോളേ ഇതുവരെയും പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടുള്ളൂ. എങ്കിലും എത്രവലിയ ബോധ്യത്തേക്കാളും അപ്പുറമാണ്, നാം പോലുമറിയാതെ വാക്കുകള്‍ക്ക്, പില്ക്കാലം നല്‍കുന്ന അധികമാനങ്ങള്‍. അപ്പോള്‍ ഭാവിയുടെ ചോദ്യംചെയ്യലില്‍ പഴയ പദങ്ങള്‍ പ്രതിസ്ഥാനത്ത് നില്‍ക്കും. ഈ കവിതയെ നിഷ്കരുണം വധശിക്ഷയ്ക്ക് വിധേയമാക്കുന്നു. നാളെ വൈകീട്ട് 6ന് എന്നെന്നേക്കുമായി…
Story Highlights : ms banesh withdraw poem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here