ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച; ഡൽഹിക്ക് 135 റൺസ് വിജയലക്ഷ്യം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസി 135ന് റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി. സൺറൈസേഴ്സിൽ ഒരാൾക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 28 റൺസ് നേടിയ അബ്ദുൽ സമദ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ഡൽഹിക്കായി കഗീസോ റബാഡ 3 വിക്കറ്റ് വീഴ്ത്തി.
ഇന്നിംഗ്സിൻ്റെ മൂന്നാം പന്തിൽ തന്നെ ഡേവിഡ് വാർണർ (0) ആൻറിച് നോർക്കിയയുടെ പന്തിൽ അക്സർ പട്ടേലിനു ക്യാച്ച് സമ്മാനിച്ച് മടങ്ങിയതോടെ ഹൈദരാബാദിൻ്റെ തകർച്ച തുടങ്ങി. താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും ആർക്കും മികച്ച ഇന്നിംഗ്സ് കാഴ്ചവെക്കാനായില്ല. ഭേദപ്പെട്ട ഒരു കൂട്ടുകെട്ടും ഇന്നിംഗ്സിൽ പിറന്നതുമില്ല. വൃദ്ധിമാൻ സാഹ (18) കഗീസോ റബാഡയുടെ പന്തിൽ ശിഖർ ധവാൻ പിടിച്ച് പുറത്തായപ്പോൾ രണ്ട് തവണ കിട്ടിയ ജീവൻ മുതലെടുക്കാനാവാതെ കെയിൻ വില്ല്യംസൺ അക്സർ പട്ടേലിൻ്റെ പന്തിൽ ഷിംറോൺ ഹെട്‌മെയറുടെ കൈകളിൽ ഒതുങ്ങി.
Read Also : ഡൽഹിക്കെതിരെ ഹൈദരാബാദ് ബാറ്റ് ചെയ്യും; ശ്രേയാസ് അയ്യർ ടീമിൽ
മനീഷ് പാണ്ഡെ (17) റബാഡയുടെ പന്തിൽ റിട്ടേൺ ക്യാച്ചായി മടങ്ങി. കേദാർ ജാദവിനെ (3) ആൻറിച് നോർക്കിയ വിക്കറ്റിനു മുന്നിൽ കുരുക്കി. ജേസൻ ഹോൾഡർ (10) അക്സർ പട്ടേലിൻ്റെ പന്തിൽ പൃഥ്വി ഷാ പിടിച്ച് പുറത്തായി. അവസാനത്തിൽ പൊരുതിക്കളിച്ച അബ്ദുൽ സമദ് (28) 19ആം ഓവറിൽ കഗീസോ റബാഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഋഷഭ് പന്തിനു ക്യാച്ച് സമ്മാനിച്ചാണ് താരം പുറത്തായത്. അവസാന ഓവറുകളിൽ ചില കൂറ്റൻ ഷോട്ടുകൾ കളിച്ച റാഷിദ് ഖാൻ (22) ആണ് ഹൈദരാബാദിനെ 130 കടത്തിയത്. താരം അവസാന ഓവറിൽ രണ്ടാം റണ്ണിനു ശ്രമിക്കവേ റണ്ണൗട്ടായി. അവസാന പന്തിൽ സന്ദീപ് ശർമ്മയും (0) റണ്ണൗട്ടായി. ഭുവനേശ്വർ കുമാർ (5) പുറത്താവാതെ നിന്നു.
Story Highlights: sunrisers hyderabad innings delhi capitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here