അടുത്ത മത്സരത്തിൽ ഹർദ്ദിക് പാണ്ഡ്യ കളിച്ചേക്കും: മുംബൈ ബൗളിംഗ് പരിശീലകൻ

അടുത്ത മത്സരത്തിൽ ഹർദ്ദിക് പാണ്ഡ്യ ടീമിൽ കളിച്ചേക്കുമെന്ന് മുംബൈ ഇന്ത്യൻസ് ബൗളിംഗ് പരിശീലകൻ ഷെയിൻ ബോണ്ട്. താരം നന്നായി പരിശീലനം നടത്തുന്നുണ്ടെന്നും അടുത്ത മത്സരത്തിൽ തന്നെ ഹർദ്ദിക് ടീമിൽ ഉൾപ്പെടാൻ ഇടയുണ്ടെന്നും ബോണ്ട് വ്യക്തമാക്കി. ഈ മാസം 26ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം. (mumbai indians hardik pandya)
“ഹർദ്ദിക് നന്നായി പരിശീലിക്കുന്നുണ്ട്. കളിക്കുന്നതിലേക്ക് അടുത്തെത്തിക്കഴിഞ്ഞു. മുംബൈ ഇന്ത്യൻസിനും ഇന്ത്യൻ ടീമിനും ബാലൻസ് നൽകാനാണ് ഞങ്ങളുടെ ശ്രമം. താരങ്ങളെ സംരക്ഷിക്കലാണ് ഞങ്ങളുടെ ഫ്രാഞ്ചൈസി നന്നായി ചെയ്യുന്ന ഒരു കാര്യം. ഐപിഎൽ വിജയിക്കുക മാത്രമല്ല, അടുത്ത മാസം ആരംഭിക്കുന്ന ടി-20 ലോകകപ്പും ഞങ്ങളുടെ പരിഗണനയിലുണ്ട്. അതുകൊണ്ട്, അടുത്ത മത്സരത്തിൽ തന്നെ ഹർദ്ദിക് പാണ്ഡ്യ കളിച്ചേക്കും.”- ബോണ്ട് പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടിരുന്നു. ഏഴ് വിക്കറ്റിനാണ് കൊൽക്കത്ത വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രം നേടാനേ മുംബൈ ഇന്ത്യൻസിനു കഴിഞ്ഞുള്ളൂ. ഇത് വെറും 15.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി കൊൽക്കത്ത മറികടന്നു. 74 റൺസെടുത്ത് പുറത്താവാതെ നിന്ന് രാഹുൽ ത്രിപാഠിയാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. പുതുമുഖം വെങ്കിടേഷ് അയ്യർ 53 റൺസ് നേടി പുറത്തായി. കൊൽക്കത്തയുടെ മൂന്ന് വിക്കറ്റുകളും ബുംറയാണ് വീഴ്ത്തിയത്. മുംബൈക്കായി ഡികോക്ക് (55) ടോപ്പ് സ്കോറർ ആയപ്പോൾ രോഹിത് ശർമ്മ (33), കീറോൺ പൊള്ളാർഡ് (21) എന്നിവരും തിളങ്ങി. ഇതോടെ രണ്ടാം പാദത്തിലെ രണ്ട് മത്സരങ്ങളിലും മുംബൈ പരാജയപ്പെട്ടു.
Story Highlights: mumbai indians might play hardik pandya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here