‘സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ ബിഷപ്പിന്റെ പ്രസ്താവന ബിജെപി ഉപയോഗിച്ചു’; ക്രൈസ്തവ സഭയോട് പ്രകാശ് കാരാട്ട്
കത്തോലിക്കാ സഭ ബിജെപിയുടെ യഥാർത്ഥ സ്വഭാവം മനസിലാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ ബിഷപ്പിന്റെ പ്രസ്താവന ബിജെപി ഉപയോഗിച്ചുവെന്നും ക്രിസ്ത്യൻ പുരോഹിതരെ വശത്താക്കാൻ ബിജെപി തന്ത്രപരമായ നീക്കം നടത്തുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ( prakash karat against bjp )
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാർകോട്ടിക് ജിഹാദ് എന്ന പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി എംപി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. നാർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറഞ്ഞു. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.
ബിഷപ്പിന്റെ വാക്കുകൾ –‘ മുസ്ലീംങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് ‘.
Read Also : ‘ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു’; പാലാ ബിഷപ്പിനെ പിന്തുണച്ച് സീറോ മലബാർ സഭ
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറയുന്നു. മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും ഹലാൽ വിവാദം ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി.
ഇതിന് പിന്നാലെ ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
Story Highlights: prakash karat against bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here