Advertisement

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം പ്രതീക്ഷിക്കുന്നില്ലെന്ന് വത്സൻ തില്ലങ്കേരി

September 24, 2021
Google News 1 minute Read
Valsan Thillankeri on BJP Presidency

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം പ്രതീക്ഷിക്കുന്നില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരി. ഇത് സംബന്ധിച്ച് നേതൃത്വവുമായി ആശയവിനിമയം നടന്നിട്ടില്ലെന്നും സജീവ രാഷ്ട്രീയം പരിഗണനയിൽ ഇല്ലെന്നും വത്സൻ തല്ലങ്കേരി അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും കുഴൽപ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതോടെ ബി.ജെ.പി കേരള ഘടകത്തിൽ കേന്ദ്രം അഴിച്ചുപണിക്ക് ഒരുങ്ങുകയാണ്. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റി ജനകീയ മുഖത്തെ കൊണ്ടുവരാനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്.

സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആദ്യ പരി​ഗണന നടനും എം.പിയുമായ സുരേഷ് ​ഗോപിക്ക് തന്നെയാണ്. സുരേഷ് ​ഗോപിയുടെ ജനകീയ മുഖം കേരളത്തിൽ പാർട്ടിക്ക് ​ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. പാർട്ടിയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാനും സുരേഷ് ​ഗോപിയെ സംസ്ഥാന നേതൃത്വത്തിലെത്തുക്കുന്നത് ​സഹായിക്കുമെന്നും കേന്ദ്രം കരുതുന്നു.

Read Also : സ്‌കൂള്‍ തുറക്കൽ; എസ്.സി.ഇ.ആര്‍.ടി കരിക്കുലം കമ്മിറ്റിയുടെ യോഗം വിളിച്ചു

എന്നാൽ, തനിക്ക് തത്കാലം പാർട്ടി പ്രവർത്തകനായി തുടരാനാണ് താത്പര്യമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ബി.ജെ.പി തനിക്ക് ചില ഉത്തരവാദിത്വങ്ങൾ നൽകിയിട്ടുണ്ട്. അത് ഭം​ഗിയായി നിറവേറ്റനാണ് താൻ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചു.

അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി നിരസിച്ചതോടെ മറ്റാര് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന് ചർച്ചകൾ നടക്കവേ ഉയർന്നു വന്ന പേരാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷനായ വത്സൻ തില്ലങ്കേരിയുടേത്. ജനകീയ മുഖമായ സുരേഷ് ​ഗോപിയെ തഴഞ്ഞ് തീവ്ര ഹിന്ദു മുഖമായ വത്സൻ തില്ലങ്കേരിയെ പ്രസിഡന്റ് ആക്കുന്നത് പാർട്ടിക്ക് ​ഗുണം ചെയ്യില്ലെന്ന സൂചനകളും ഇതിനോടകം വന്നു കഴിഞ്ഞു.

ചർച്ചകൾ പുരോ​ഗമിക്കവെ ഈ വർഷം അവസാനത്തോടെ സംസ്ഥാന അദ്ധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് സൂചന. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ സജീവമായി നിർത്തുകയെന്ന വലിയ ഉത്തരവാദിത്വമാണ് അടുത്ത പ്രസിഡന്റിന് മുന്നിലുള്ളത്.

Story Highlights: Valsan Thillankeri on BJP Presidency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here