കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്; ചൊവ്വാഴ്ച പാർട്ടിയിൽ ചേരും

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേരും. ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാർട്ടിയുടെ ഭാഗമാകുന്നത്. ഇരുവർക്കുമൊപ്പം അടുത്ത അനുയായികളും കോൺഗ്രസിൽ ചേരും. നേരത്തെ തന്നെ കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ചർച്ച നടത്തിയിരുന്നു. കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേരും ഔദ്യോഗികമായി സിപിഐയെ അറിയിച്ചിരുന്നില്ല. കോൺഗ്രസ് നേതൃത്വവും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ നൽകിയില്ല.
ജിഗ്നേഷ് മേവാനിയെ ഗുജറാത്തിന്റെ വർക്കിങ് പ്രസിഡന്റ് ആക്കിയേക്കും എന്നാണ് സൂചന. അതേസമയം കനയ്യ കുമാറിനെ ബീഹാറിന്റെ വർക്കിങ് പ്രസിഡന്റ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്.
2019 തെരഞ്ഞെടുപ്പിൽ സിപിഐയിൽ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്.
കനയ്യകുമാർ കോൺഗ്രസിൽ എത്തിയാൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയിൽ കനയ്യ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
Story Highlight: kanhaiya-kumar-jignesh-mevani-to-join-congress-on-september28
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here