സ്വകാര്യ കമ്പനിയിലേക്കുള്ള റോഡിന് വീതി കൂട്ടണം; കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ പട്ടികജാതി കുടുംബങ്ങള്‍

സ്വകാര്യ കമ്പനിയിലേക്കുള്ള റോഡിന് വീതി കൂട്ടുന്നതിനായി കോതമംഗലത്ത് പട്ടികജാതി കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍. ഹൈക്കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോതമംഗലം മുന്‍സിപ്പാലിറ്റി കുടിയൊഴിപ്പിക്കലുമായി മുന്നോട്ട് പോകുന്നത്. 85 വര്‍ഷമായി തങ്ങള്‍ താമസിക്കുന്ന സ്ഥലമാണെന്നും പട്ടയമുണ്ടെന്നും കുടുബങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യം മൂലം കേസ് നടത്താന്‍ കെല്‍പ്പില്ലാത്തതും ഇവര്‍ക്ക് തിരിച്ചടിയായി.
85 കൊല്ലത്തോളം മുന്‍പ് ഗോപിയുടേയും അയ്യപ്പന്റെയും പിതാവ് ചാത്തന്‍ വെള്ളക്കിളിയാണ് ഇവിടെ താമസം ആരംഭിച്ചത്. ആകെ പതിനൊന്നര സെന്റ് പുരയിടത്തിന് 74ല്‍ പട്ടയവും കിട്ടി. എന്നാല്‍ തൊട്ടടുത്തായി ഒരു പേപ്പര്‍ മില്‍ വന്നതോടെ ഇവരുടെ മനസ്സമാധാനം പോയി. കീഴ്‌ക്കോടതി മുതല്‍ ഹൈക്കോടതി വരെ കേസുമായി നടക്കേണ്ടിവന്നു.
നിലവില്‍ ഇവരുടെ വീടിരിക്കുന്ന ഭാഗം റോഡ് പുറമ്പോക്കാണെന്ന് ചൂണ്ടിക്കാട്ടി കമ്പനി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഒഴിപ്പിക്കലിന് ഉത്തരവിട്ടു കഴിഞ്ഞു. മുക്കാല്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ പുറമ്പോക്കുണ്ടെന്ന് താലൂക്ക് സര്‍വേയര്‍
കോടതിയില്‍ നല്‍കിയ രേഖ പ്രകാരമാണ് നടപടി. കണക്കു പ്രകാരം ഏറ്റെടുത്തു വരുമ്പോള്‍ വീടിന്റെ വരാന്തയും, കിണറും ബാക്കിയുണ്ടാകില്ല.
Read Also : കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
മുനിസിപ്പാലിറ്റിയില്‍നിന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് ഇവിടുത്തെ മൂന്നു വീടുകളും നിര്‍മിച്ചത്. വൈദ്യുതി കണക്ഷനും, വീട്ട് നമ്പരും കിട്ടി. പുറമ്പോക്കാണെങ്കില്‍ ഇത് നടക്കുമോയെന്ന് ഈ കുടുംബങ്ങള്‍ ചോദിക്കുന്നു. കേസ് നടത്താന്‍ പണമില്ല. കമ്പനിയോടും മുന്‍സിപ്പാലിറ്റിയോടും ഏറ്റുമുട്ടാനും ശേഷിയില്ല. കുടിയൊഴിപ്പിച്ചാല്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണിവര്‍.
Story Highlights: Eviction of scheduled castes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here