ഇല്ലാതെയാകുന്നത് നൂറ്റാണ്ടുകളുടെ ചരിത്രം; വെട്ടാതെ സംരക്ഷിക്കാനൊരുങ്ങി നാട്ടുകാർ…

മരങ്ങൾ പ്രകൃതിയുടെ വരദാനമാണ്. ഓരോ മരങ്ങൾ മുറിയ്ക്കുമ്പോഴും പകരം പത്തെണ്ണമെങ്കിലും നടണമെന്നാണ് പഴമൊഴി. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന ഒരു മാവിന്റെ കഥയാണ്. ഇനി ആ കഥയും ചരിത്രം പേറുന്ന ഈ മാവും അധികകാലം ഉണ്ടാകില്ല. കാസർഗോഡ് ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ മാവ് ഏതുനിമിഷവും മുറിച്ചുമാറ്റപെടും. ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ട മരങ്ങളിലാണ് ഈ മാവും ഉൾപെടുന്നത്. എന്നാൽ എങ്ങനെ ഈ മരം സംരക്ഷിക്കുമെന്ന ചിന്തയിലാണ് നാട്ടുകാർ.
മൊഗ്രാലി എന്ന സ്ഥലത്താണ് ഈ നാട്ടുമാവുള്ളത്. വർഷത്തിൽ മൂന്ന് തവണ കായ്ക്കുന്ന ഈ മാവിന് നൂറ് വർഷത്തെ പഴക്കമുണ്ട്. ഇതിലെ മാങ്ങയ്ക്ക് ഏകദേശം അരക്കിലയോളം തൂക്കമുണ്ട്. നാട്ടുകാർക്ക് ഈ മാവ് അത്രയും പ്രിയപെട്ടതാണ്. ദേശീയപാതയുടെ വികസനത്തിന് മാവ് മുറിക്കുമെന്നത് ഉറപ്പായതോടെ മാവിനെ സംരക്ഷിക്കാനുള്ള വഴികൾ തേടുകയാണ്. മാവിൽ നിന്ന് പുതിയ തൈകൾ ഉത്‌പാദിപ്പിച്ച് നാട്ടുകാർക്ക് വിതരണം ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. പഞ്ചായത്തും കൃഷി വകുപ്പും ഇതിന് സഹായമായി മുന്നിൽ തന്നെയുണ്ട്.
ഏറെ ഗുണങ്ങളുള്ള ഈ മാവ് സംരക്ഷിക്കണമെന്ന് തന്നെയാണ് അവരുടെയും അഭിപ്രായം. മരം മുറിക്കരുതെന്ന നാട്ടുകാരുടെ ആവശ്യം മനസിലാക്കിയ പഞ്ചായത്ത് അധികൃതർ കേന്ദ്ര തോട്ടവിള ഗവേഷണ വകുപ്പിനെ സമീപിക്കുകയായിരുന്നു. മുറിച്ചു കളയുന്ന ഈ മാവിന് പകരമായി ഗ്രാഫ്റ്റിങ്ങിലൂടെ അയ്യായിരം തൈകൾ മുളപ്പിക്കാനാണ് തീരുമാനം. എന്നിട്ട് ഈ തൈകൾ നാട്ടുകാർക്കും ആവശ്യക്കാർക്കും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അധികൃതരുടെ ഈ നടപടിയ്ക്ക് നന്ദി പറയുകയാണ് നാട്ടുകാർ.
മുളപ്പിച്ചെടുത്താൽ ഇതേ ഗുണമേന്മ ലഭിക്കാൻ സാധ്യതയില്ലാത്തതിനാലാണ് ബഡിങ്ങോ ഗ്രാഫ്റ്റിങ് രീതിയോ വഴി തൈ മുളപ്പിക്കാൻ തീരുമാനിച്ചത്. ആറുമാസത്തിനുള്ളിൽ ഇത് വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here