ടൂറിസം വികസിപ്പിക്കാൻ ആദ്യം വേണ്ടത് യാത്രാ സൗകര്യം; ആശയങ്ങൾ ടൂറിസം മന്ത്രിയുമായി പങ്കുവച്ച് മോഹൻലാൽ

ലോക ടൂറിസം ദിനത്തിൽ ആശയങ്ങൾ പങ്കുവച്ച് മോഹൻലാലും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ട്വന്റിഫോറിൽ. നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച വ്യക്തിയെന്ന നിലയിൽ സംസ്ഥാനത്തെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ മന്ത്രിയുമായി നിരവധി ആശയങ്ങളാണ് താരം പങ്കുവച്ചത്. ടൂറിസം വികസിപ്പിക്കാൻ ആദ്യം വേണ്ടത് യാത്രാ സൗകര്യമാണെന്ന് മോഹൻലാൽ പറഞ്ഞു. ( Mohanlal Minister Riyas interview )
ദീർഘദൂര യാത്രകൾ നടത്തുന്നവർ ഓരോ രണ്ട് മണിക്കൂറിലും ഡ്രൈവിംഗ് നിർത്തുന്നതാണ് അപകടങ്ങൾ ഒഴിവാക്കാൻ നല്ലത്. അതുകൊണ്ട് തന്നെ പാതയിലുടനീളം ശുചിമുറികളും ലഘുഭക്ഷണശാലകളുമുണ്ടാകുന്നത് അത്യാവശ്യമാണെന്നും മോഹൻലാൽ മന്ത്രിയോട് പറഞ്ഞു.
‘മലബാർ ഭാഗങ്ങളിലെ പ്രദേശങ്ങളൊക്കെ നിരവധി ടൂറിസം സാധ്യതകൾ തുറന്നിടുന്നുണ്ട്. യാത്രാ സൗകര്യം ആണ് പ്രധാനം. എത്തിപ്പെടാൻ സഞ്ചാരികൾക്ക് സാധിക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിശ്രമിക്കാനുള്ള സ്ഥലം, ശുചിമുറികൾ, ലഘുഭക്ഷണ ശാലകൾ എന്നിവ അത്യാവശ്യമാണ്’- മോഹൻലാൽ.
ജലഗതാഗത സാധ്യത ഉപയോഗപ്പെടുത്താവുന്ന സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി ജല മാർഗം പല ജില്ലകൾ പിന്നിടുന്ന പദ്ധതിയെന്ന ആശയത്തെ കുറിച്ചും മോഹൻലാൽ പങ്കുവച്ചു. ഭക്ഷണ ടൂറിസം, മെഡിക്കൽ ടൂറിസം എന്നീ ആശയങ്ങളെ കുറിച്ചും മോഹൻലാൽ പങ്കുവച്ചു. കേരളത്തിലെ ഓരോ ജില്ലകളിലും വിവിധ തരം ഭക്ഷണസംസ്കാരമാണ്. അതുകൊണ്ട് തന്നെ കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ഇതിന് സാധിക്കും. ആയുർവേദ ചികിത്സയാണ് മെഡിക്കൽ ടൂറിസം എന്നതുകൊണ്ട് അർത്ഥം വയ്ക്കുന്നത്. എന്നാൽ അംഗീകൃത സ്ഥാപനങ്ങൾക്ക് മാത്രമേ ഈ അനുമതി നൽകാൻ പാടുള്ളുവെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ മോഹൻലാൽ ഓർമിപ്പിച്ചു.
വിനോദ സഞ്ചാര വികസനത്തിന് കേരളത്തിൽ വിപുലമായ പദ്ധതികൾ തയാറാണെന്ന് അഭിമുഖത്തിനിടെ ടൂറിസം മന്ത്രി അറിയിച്ചു. കാരവാൻ ടൂറിസത്തെ കുറിച്ചും മന്ത്രി മുഹമ്മദ് റിയാസ് പങ്കുവച്ചു. ആദ്യ ഘട്ടത്തിൽ നൂറ് കാരവാനുകൾ ഒരുക്കിയാണ് പദ്ധതി നടപ്പാക്കുക. അധികമാരും സഞ്ചരിക്കാത്ത കേരളത്തിലെ പ്രകൃതി മനോഹരമായ നിരവധി ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റോഡ് വികസനം, കായൽ ടൂറിസം, കാമ്പസ് ക്ലബുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Mohanlal Minister Riyas interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here