Advertisement

ടീമുകൾക്ക് പാകിസ്താനിലേക്ക് വരാൻ താത്പര്യമില്ലെങ്കിൽ വരണ്ട: വസീം അക്രം

September 27, 2021
Google News 2 minutes Read
Wasim Akram cancellation Pakistan

ടീമുകൾക്ക് പാകിസ്താനിലേക്ക് വരാൻ താത്പര്യമില്ലെങ്കിൽ വരേണ്ട കാര്യമില്ലെന്ന് മുൻ പാക് ഇതിഹാസ പേസർ വസീം അക്രം. പാകിസ്താൻ രാജ്യാന്തര മത്സരങ്ങളിൽ നന്നായി കളിച്ചാൽ നമുക്കൊപ്പം കളിക്കാൻ മറ്റ് ടീമുകൾ പിന്നാലെ വരുമെന്നും അക്രം പറഞ്ഞു. ക്രിക്കറ്റ് പാകിസ്താൻ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അക്രം ഇക്കാര്യം വ്യക്തമാക്കിയത്. (Wasim Akram cancellation Pakistan)

“ഇംഗ്ലണ്ടും ന്യൂസീലൻഡും പര്യടനം റദ്ദാക്കിയതിൽ നിങ്ങളെല്ലാവരും നിരാശരാണെന്ന് എനിക്കറിയാം. അവസാന നിമിഷത്തിലാണ് ന്യൂസീലൻഡ് പര്യടനം റദ്ദാക്കിയത്. ഞാൻ വളരെ നിരാശനാണ്. വിഷമത്തിലാണ്. പക്ഷേ, ജീവിതം മുന്നോട്ടുപോകും. നമ്മുടെ ചെയർമാൻ പറഞ്ഞതുപോലെ നമ്മൾ പാകിസ്താനെ പിന്തുണക്കണം. ലോകകപ്പിനായി തിരഞ്ഞെടുത്ത ടീമിനെ നമുക്ക് പിന്തുണയ്ക്കാം. എന്തെങ്കിലും പ്രശ്നമുണ്ടായാൽ നമുക്ക് പിന്നീട് ടീമിനെ വിമർശിക്കാം, അതിന് പരിഹാരവും കാണാം. പക്ഷേ, ഇപ്പോൾ നമ്മൾ ഒറ്റക്കെട്ടായി പാകിസ്താനെ പിന്തുണയ്ക്കണം. ടീമുകൾക്ക് വരാൻ താത്പര്യമില്ലെങ്കിൽ അവർ വരണ്ട. പക്ഷേ, നമ്മൾ നന്നായി കളിച്ചാൽ ലോകമെമ്പാടുമുള്ള ടീമുകൾ പകിസ്താനു പിന്നാലെ ഓടും. പാകിസ്താൻ ടീമിന് ആശംസകൾ. ഞങ്ങൾ പിന്നിലുണ്ട്.”- അക്രം പറഞ്ഞു.

Read Also : ‘നിങ്ങളുടെ ദേഷ്യം ടി-20 ലോകകപ്പിലേക്ക് വഴിതിരിച്ചു വിടൂ’; താരങ്ങളോട് പിസിബി ചെയർമാൻ

സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. സർക്കാർ നിർദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ന്യൂസീലൻഡ് പിന്മാറിയതിനു പിന്നാലെ ഇംഗ്ലണ്ടും ഇതേ തീരുമാനവുമായി രംഗത്തെത്തി. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും പര്യടനത്തിൽ നിന്ന് പിന്മാറുകയാണെന്നും ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾക്കെതിരെ പാകിസ്താൻ നിയമനടപടിക്കൊരുങ്ങുകയാണ്. വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, പിസിബിബ് ചെയർമാൻ റമീസ് രാജയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

Story Highlights: Wasim Akram cancellation Pakistan tour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here