ഹർദ്ദിക് പാണ്ഡ്യക്ക് പകരം ശ്രേയാസ് അയ്യരോ ശർദ്ദുൽ താക്കൂറോ ലോകകപ്പ് ടീമിലെത്തിയേക്കുമെന്ന് സൂചന

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മാറ്റം വരുത്തിയേക്കുമെന്ന് സൂചന. മോശം ഫോമിലുള്ള ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യക്ക് പകരം ശ്രേയാസ് അയ്യരോ ശർദ്ദുൽ താക്കൂറോ ടീമിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഇന്ത്യയുടെ റിസർവ് താരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫിറ്റ്നസ് പ്രശ്നങ്ങളുള്ള ഹർദ്ദിക് കുറച്ചുകാലമായി പന്തെറിയാറില്ല. ബാറ്റിംഗിലും താരം മോശം പ്രകടനം തുടരുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ടുകൾ. ഒക്ടോബർ 10 വരെ ടീമുകളിൽ മാറ്റം വരുത്താൻ ക്രിക്കറ്റ് ബോർഡുകൾക്ക് സാധിക്കും. (Hardik Pandya Shardul Shreyas)
ഐപിഎലിലെ മുന്നോട്ടുള്ള പ്രകടനങ്ങൾ പരിഗണിച്ചാവും ടീമിൽ മാറ്റം വരുത്തുക. വരും മത്സരങ്ങളിൽ നന്നായി കളിച്ച് ഹർദ്ദിക് ഫോമിലേക്കെത്തിയാൽ താരം തന്നെ ടീമിൽ തുടരും. എന്നാൽ, മോശം പ്രകടനങ്ങൾ തുടർന്നാൽ ടീമിൽ മാറ്റം വരുത്താൻ മാനേജ്മെൻ്റ് നിർബന്ധിതരാവും. സീസണിൽ ഇതുവരെ ഹർദ്ദിക് പന്തെറിഞ്ഞിട്ടില്ല. ശ്രീലങ്കക്കെതിരെ പന്തെറിഞ്ഞെങ്കിലും താരം ഏറെ റൺസ് വിട്ടുനൽകിയിരുന്നു.
Read Also : അഫ്ഗാനിസ്ഥാൻ പതാകയ്ക്ക് കീഴിൽ കളിക്കാൻ ടീമിന് അനുമതി; ലോകകപ്പിൽ നിന്ന് വിലക്കില്ല
സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിലെ സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ലോകേഷ് രാഹുൽ രോഹിതിനൊപ്പം ഓപ്പൺ ചെയ്യും. ധവാന് ഇടം ലഭിച്ചില്ല. യുസ്‌വേന്ദ്ര ചഹാലിന് സ്ഥാനം നഷ്ടമായി. രാഹുൽ ചഹാറാണ് പകരം ടീമിലെത്തിയത്. ജഡേജക്കൊപ്പം സ്പിൻ ഓൾറൗണ്ടറായി അക്സർ പട്ടേൽ ടീമിലെത്തിയതും വരുൺ ചക്രവർത്തി ടീമിൽ ഇടം പിടിച്ചതും അപ്രതീക്ഷിതമായി. ബുംറ, ഭുവി, ഷമി എന്നിവരാണ് പേസർമാർ. ശ്രേയാസ് അയ്യർ, ഷർദുൽ താക്കുർ, ദീപക് ചഹാർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Story Highlights: Hardik Pandya T20 World Cup Shardul Thakur Shreyas Iyer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here