ഹൃദയാഘാതം; ഇൻസമാം ഉൾ ഹഖ് ആശുപത്രിയിൽ

ഹൃദയാഘാതത്തെ തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. നിലവിൽ ഇൻസമാമിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. (Inzamam angioplasty heart attack)
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇൻസമാമിന് നെഞ്ചുവേദന ഉണ്ടായിരുന്നു. ആദ്യം നടത്തിയ പരിശോധനകളിൽ പ്രശ്നങ്ങൾ കണ്ടില്ലെങ്കിലും തിങ്കളാഴ്ചയോടെ ഹൃദയാഘാതമുണ്ടായതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് താരത്തെ ആൻജിയോപ്ലാസിക്ക് വിധേയനാക്കി.
ഏകദിനത്തിൽ പാകിസ്താൻ്റെ ഏറ്റവും മികച്ച റൺവേട്ടക്കാരനാണ് ഇൻസമാം. 375 മത്സരങ്ങളിൽ നിന്ന് 11701 റൺസ് നേടിയിട്ടുള്ള താരം 2007ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വിരമിച്ചതിനു ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കൺസൾട്ടന്റായും ചീഫ് സെലക്ടറായും അഫ്ഗാനിസ്ഥാൻ ടീമിന്റെ മുഖ്യ പരിശീലകനായും ഇൻസമാം പ്രവർത്തിച്ചിട്ടുണ്ട്.
പാക് പര്യടനം റദ്ദാക്കിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകളെ വിമർശിച്ച് ഉസ്മാൻ ഖവാജ
പാക് പര്യടനം റദ്ദാക്കിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകളെ വിമർശിച്ച് ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ. പണമാണ് എല്ലാത്തിനു പ്രധാനമെന്നും ഇങ്ങനെ ഒരു ചുറ്റുപാടിൽ ഇന്ത്യയിലേക്കുള്ള പര്യടനം ഒരു ടീമും റദ്ദാക്കില്ലെന്നും ഖവാജ പറഞ്ഞു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഇരു ക്രിക്കറ്റ് ബോർഡുകളും പര്യടനം റദ്ദാക്കിയത്.
“പാകിസ്താൻ ആയതുകൊണ്ട് താരങ്ങൾക്കും ക്രിക്കറ്റ് ബോർഡുകൾക്കും നോ പറയാൻ എളുപ്പമാണ്. ബംഗ്ലാദേശ് ആണെങ്കിലും ഇത് തന്നെയാകുമായിരുന്നു അവസ്ഥ. പക്ഷേ, ഇങ്ങനെ ഒരു അവസ്ഥയിലാണെങ്കിലും ആരും ഇന്ത്യൻ ടീമിനോട് നോ പറയില്ല. പണമാണ് എല്ലാത്തിനു പ്രധാനം. പണം ഒരു വലിയ ഘടജം തന്നെയാണ്. വിവിധ ടൂർണമെൻ്റുകളിലൂടെ തങ്ങളുടെ രാജ്യത്ത് ക്രിക്കറ്റ് കളിക്കുക സുരക്ഷിതമാണെന്ന് പാകിസ്താൻ വീണ്ടും വീണ്ടും തെളിയിക്കുന്നുണ്ട്.”- ഖവാജ പറഞ്ഞു.
പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾക്കെതിരെ പാകിസ്താൻ നിയമനടപടിക്കൊരുങ്ങുകയാണ്. വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Inzamam undergoes angioplasty heart attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here