‘എന്റെ സുഹൃത്തായ ഡിജിപിവരെ മോൻസന്റെ കെണിയിൽ അകപ്പെട്ടു, പക്ഷേ ഞാൻ അഭിനന്ദിക്കുന്നത് മനോജ് എബ്രഹാമിനെയാണ്’ : മേജർ രവി

മോൻസൻ മാവിങ്കൽ നടത്തിയ പുരാവസ്തു തട്ടിപ്പ് കേസിനെ കുറിച്ച് പ്രതികരിച്ച് മേജർ രവി ട്വന്റിഫോർ എൻകൗണ്ടറിൽ. തന്റെ ഒരു ആരാധകൻ മുൻപ് മോൻസൻ എന്ന വ്യക്തിയെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ തനിക്ക് താത്പര്യമില്ലാത്തതിനാൽ അതിന് ശ്രദ്ധ നൽകിയില്ലെന്നും മേജർ രവി ട്വന്റിഫോറിനോട് പറഞ്ഞു. ( major ravi against monson mavunkal )
മേജർ രവിയുടെ വാക്കുകൾ :
‘ഞാൻ ജീവിതത്തിൽ ആദ്യമായി ഈ പേര് കേൾക്കുന്നത് ഇന്നലെ പത്രംവായിച്ചപ്പോഴാണ്. അതിന് മുൻപേ ഞാൻ ഈ പേര് കേട്ടിട്ടില്ല. എന്റെ ആരാധകന്റെ സെക്രട്ടറിയുണ്ട്. ഇങ്ങനൊരു ആളുണ്ട്, കാണണമെന്നൊക്കെ എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു എന്നിട്ട് എന്ത് പറഞ്ഞുവെന്ന്. സാറിന് ( മോജർ രവി) ഇതിലൊന്നും താത്പര്യമില്ലെന്ന് പറഞ്ഞു.
തലയോട്ടി, ചത്ത് പോയവരുടെ സാധനങ്ങൾ ഇതിലൊന്നും എനിക്ക് താത്പര്യമില്ല. വൈൽഡ്‌ലൈഫ് വസ്തുക്കൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത് തന്നെ ഇത്തരം ഫ്രോഡുകളെ വളർത്താതിരിക്കാനാണ്. എന്നിട്ടും എന്റെ സുഹൃത്തായ ഡിജിപി ഉൾപ്പെടെ അകപ്പെട്ടു. എന്നിട്ടും ഞാൻ അഭിനന്ദിക്കുന്നത് മനോജ് എബ്രഹാമിനേയാണ്. ഒരു മനുഷ്യന് ഇതെല്ലാം എവിടെ നിന്ന് ലഭിക്കുന്നു എന്ന് കണ്ടെത്താൻ അദ്ദേഹം അന്വേഷണത്തിന് നിർദേശിച്ചു’.
മോൻസന് ഉന്നത പൊലീസ് ബന്ധങ്ങളുണ്ടെന്ന് നേരത്തെ ട്വന്റിഫോർതന്നെ കണ്ടെത്തിയിരുന്നു. മോൻസൺ തട്ടിപ്പുകാരനെന്ന് പൊലീസിനെ അറിയിച്ചത് പ്രവാസി മലയാളിയായ സ്ത്രീയെ അസഭ്യം പറയാൻ മോൻസൺ പൊലീസിന് നിർദേശം നൽകുന്ന ശബ്ദരേഖ ട്വന്റിഫോറിന് പുറത്ത് വിട്ടിരുന്നു. പരാതിക്കാരി ഇനി വിളിച്ചാൽ അസഭ്യം പറയണമെന്ന് ചേർത്തല സിഐ ശ്രീകുമാറിനോട് മോൺസൺ പറയുന്നു.
അതേസമയം, മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്റലിജൻസ് പരിശോധന നടത്തും. ഐ ജി ലക്ഷ്മൺ, മുൻ ഡി ഐ ജി സുരേന്ദ്രൻ എന്നിവർ അന്വേഷണ പരിധിയിൽ ഉൾപ്പെടും.
മോൻസൺ മാവുങ്കലുമായി പൊലീസ് ഉദ്യോഗസ്ഥർ വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ക്രൈം ബ്രാഞ്ചിന്റെ വസ്തുതാവിവര റിപ്പോർട്ടിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.
Story Highlights: major ravi against monson mavunkal