മോൻസൺ ചമച്ചത് 2,62,000 കോടി രൂപയുടെ വ്യാജരേഖ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ രേഖകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വ്യാജരേഖ തയാറാക്കാൻ പലരുടേയും സഹായം ലഭിച്ചതായി സംശയിക്കുന്നതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
മോൻസൺ പുരാവസ്തു വിൽപന നടത്തി കബളിപ്പിച്ചതായി പരാതിയില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങൾ തട്ടിപ്പിന് ഉപയോഗിച്ചു. വ്യാജരേഖയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോൻസൺ സഹകരിക്കുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മോൻസൺ മാവുങ്കലിനെതിരെ എഫ്‌ഐആറിൽ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇടപാടുകാരെ വഞ്ചിക്കാൻ വ്യാജരേഖ ചമച്ചെന്നും വ്യാജരേഖ ചമയ്ക്കുന്നതിനായി സാങ്കേതിക സൗകര്യം ഉപയോഗിച്ചെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്.
Story Highlights: monson remand report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here