പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാൻ പഞ്ചാബും കൊൽക്കത്തയും ഇന്നിറങ്ങും

ഐപിഎൽ രണ്ടാം പാദത്തിൽ ഇന്ന് പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. 11 മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റുള്ള കൊൽക്കത്തയും അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 8 പോയിൻ്റുള്ള പഞ്ചാബും പ്ലേ ഓഫ് ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങുക. ഇരുവരും യഥാക്രമം പോയിൻ്റ് ടേബിളിൽ നാല്, ആറ് സ്ഥാനങ്ങളിലാണ്. (punjab kings kolkata riders)
ആദ്യ പാദത്തിലെ മോശം പ്രകടനങ്ങൾ മറികടന്ന് രണ്ടാം പാദത്തിൽ മികച്ച പ്രകടനങ്ങളാണ് കൊൽക്കത്ത നടത്തുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്കെതിരെ വിജയിച്ച മോർഗനും സംഘവും ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മാത്രമാണ് പരാജയപ്പെട്ടത്. ഓപ്പണിംഗിൽ പുതുതായി പരീക്ഷിച്ച വെങ്കടേഷ് അയ്യരാണ് കൊൽക്കത്തയുടെ കുതിപ്പിനു പിന്നിഒലെ ചാലക ശക്തി. വിജയിച്ച മൂന്ന് മത്സരങ്ങളും അയ്യർ നിർണായക പങ്കുവഹിച്ചു. ബാംഗ്ലൂരിനും മുംബൈക്കെതിരെ ബാറ്റ് കൊണ്ട് തിളങ്ങിയ അയ്യർ ഡൽഹിക്കെതിരെ പന്ത് കൊണ്ട് തിളങ്ങി. അയ്യർക്കൊപ്പം ശുഭ്മൻ ഗിൽ, രാഹുൽ ത്രിപാഠി, നിതീഷ് റാണ, ദിനേഷ് കാർത്തിക്, സുനിൽ നരേൻ എന്നിവരൊക്കെ ഫോമിലെത്തിയതും കൊൽക്കത്തയ്ക്ക് ആശ്വാസമാണ്. കഴിഞ്ഞ മത്സരത്തിൽ സുപ്രധാന താരമായ ആന്ദ്രേ റസൽ ഇല്ലാതെയാണ് കൊൽക്കത്ത വിജയിച്ചത്. പരുക്കേറ്റ റസൽ ഇന്നും പുറത്തിരിക്കാനാണ് സാധ്യത.
Read Also : ഐ പി എല്ലിൽ പുതു ചരിത്രം കുറിച്ച് തല; വിക്കറ്റിന് പിന്നിൽ ധോണി ഒന്നാമത്
പഞ്ചാബ് കിംഗ്സ് രണ്ടാം പാദത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും പരാജയപ്പെട്ടു. മധ്യനിരയാണ് പഞ്ചാബിനെ പിന്നോട്ടടിക്കുന്നത്. നിക്കോളാസ് പൂരാൻ, ദീപക് ഹൂഡ, ക്രിസ് ഗെയിൽ എന്നിവരൊന്നും ഫോമിൽ അല്ല. എയ്ഡൻ മാർക്രം മാത്രമാണ് കഴിഞ്ഞ മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഗെയിൽ ഐപിഎലിൽ നിന്ന് പിന്മാറിയതോടെ വിൻഡീസ് ഓൾറൗണ്ടർ ഫേബിയൻ അലൻ ടീമിലെത്തിയേക്കും. ഇംഗ്ലണ്ട് താരം ഡേവിഡ് മലാനും സാധ്യതയുണ്ട്. പരുക്കേറ്റ് കഴിഞ്ഞ കളി പുറത്തിരുന്ന മായങ്ക് അഗർവാൾ തിരികെ എത്തിയേക്കും. മുഹമ്മദ് ഷമി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ് തുടങ്ങിയവർ അടങ്ങിയ ബൗളിംഗ് നിര മികച്ചതാണ്. എന്നാൽ, മികച്ച ബൗളിംഗ് ഡിപ്പാർട്ട്മെൻ്റുള്ള കൊൽക്കത്തയെ സമ്മർദ്ദത്തിലാക്കണമെങ്കിൽ പഞ്ചാബ് മധ്യനിര ഫോമിലെത്തിയേ മതിയാവൂ.
Story Highlights: punjab kings kolkata knight riders ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here