Advertisement

പിങ്ക് ടെസ്റ്റ്: ഇന്ത്യക്ക് മികച്ച സ്കോർ; ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടം

October 2, 2021
Google News 2 minutes Read
australia women wickets india

ഇന്ത്യൻ വനിതകൾക്കെതിരായ ഡേനൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയക്ക് മൂൻ വിക്കറ്റ് നഷ്ടം. ആദ്യം ബാറ്റ് ചെയ്ത ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. തുടർന്നാണ് ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത്. 80 റൺസെടുക്കുന്നതിനിടെ ആതിഥേയർക്ക് എലിസ ഹീലി, മെഗ് ലാനിംഗ്, ബെത്ത് മൂണി എന്നിവരെ നഷ്ടമായി. ഇന്ത്യക്കായി ഝുലൻ ഗോസ്വാമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പൂജ വസ്ട്രാക്കറാണ് മൂന്നാം വിക്കറ്റ് വീഴ്ത്തിയത്. (australia women wickets india)

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സ്മൃതി മന്ദന (127) ടോപ്പ് സ്കോറർ ആയപ്പോൾ ദീപ്തി ശർമ്മ 66 റൺസെടുത്തു. പൂനം റാവത്ത് (36), ഷഫാലി വർമ്മ (31), മിതാലി രാജ് (30) എന്നിവർക്കൊക്കെ തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പുറത്തായ ഇന്ത്യൻ താരങ്ങളെല്ലാം ഇരട്ടയക്കം കടന്നു. 377 എന്ന മികച്ച സ്കോറിൽ നിൽക്കെ ഓസ്ട്രേലിയയെ ബാറ്റിംഗിനു ക്ഷണിച്ച ഇന്ത്യ ഗംഭീരമായാണ് പന്തെറിഞ്ഞത്. ടീം സ്കോർ 14ൽ നിൽക്കെ ബെത്ത് മൂണിയെ (4) ഝുലൻ ഗോസ്വാമി ക്ലീൻ ബൗൾഡാക്കി. എലിസ ഹീലിയും (29) ഗോസ്വമിയുടെ ഇരയായി മടങ്ങി. ഹീലിയെ തനിയ ഭാട്ടിയ പിടികൂടുകയായിരുന്നു. മെഗ് ലാനിംഗുമൊത്ത് 49 റൺസ് കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഹീലി പുറത്തായത്. ഏറെ വൈകാതെ മെഗ് ലാനിംഗിനെ (38) വിക്കറ്റിനു മുന്നിൽ കുരുക്കിയ പൂജ വസ്ട്രാക്കർ ഓസീസിൻ്റെ മൂന്നാം വിക്കറ്റും പിഴുതു.

Read Also : പിങ്ക് പന്തിൽ തകർപ്പൻ സെഞ്ചുറിയുമായി സ്മൃതി മന്ദന; ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ശക്തമായ നിലയിൽ

അവസാനം വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്. എലിസ് പെറിയും (10) തഹ്‌ലിയ മഗ്രാത്തുമാണ് (16) ക്രീസിൽ. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 21 റൺസ് കൂട്ടുകെട്ടാണ് ഉയർത്തിയിരിക്കുന്നത്. 20 ഓവറും ഒരു ദിവസവും അവശേഷിക്കെ മത്സരം സമനിലയിലേക്കാണ് നീങ്ങുന്നത്.

ഇന്ത്യൻ വനിതകളുടെ ആദ്യ പിങ്ക് ടെസ്റ്റ് ആണ് ഇത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ഇന്ത്യക്ക് 1-2 എന്ന സ്കോറിനു നഷ്ടമായിരുന്നു.

Story Highlights: australia women lost wickets india women pink test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here