ത്രില്ലർ പോരിൽ ഡൽഹിക്ക് ജയം; പ്ലേ ഓഫ് ഉറപ്പിച്ചു

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. 4 വിക്കറ്റിനാണ് ഡൽഹി മുംബൈയെ കീഴടക്കിയത്. മുംബൈ മുന്നോട്ടുവച്ച 130 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ നിലവിലെ റണ്ണേഴ്സ് അപ്പ് മറികടന്നു. 33 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ ഋഷഭ് പന്ത് 26 റൺസെടുത്തു. ജയത്തോടെ 18 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി. (delhi capitals mumbai indians)
കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശി ഇറങ്ങിയ ഡൽഹിക്ക് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിൽ തന്നെ ശിഖർ ധവാൻ (8) റണ്ണൗട്ടായി. അടുത്ത ഓവറിൽ പൃഥ്വി ഷാ (6) കൃണാൽ പാണ്ഡ്യയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. സ്റ്റീവ് സ്മിത്തിനെ (9) കോൾട്ടർ നൈൽ ക്ലീൻ ബൗൾഡാക്കി. നാലാം വിക്കറ്റിൽ ഋഷഭ് പന്തും ശ്രേയാസ് അയ്യരും ചേർന്ന് 27 റൺസ് കൂട്ടുകെട്ടുയർത്തി. ഋഷഭ് പന്തിനെ (26) ഹർദ്ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച ജയന്ത് യാദവ് വീണ്ടും മുംബൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. അക്സർ പട്ടേൽ (9) ട്രെൻ്റ് ബോൾട്ടിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.
Read Also : തകർപ്പൻ ബൗളിംഗുമായി ഡൽഹി; മുംബൈക്ക് ബാറ്റിംഗ് തകർച്ച
ഏഴാം നമ്പറിൽ ക്രീസിലെത്തി 8 പന്തിൽ 15 റൺസെടുത്ത ഷിംറോൺ ഹെട്‌മെയർ ആണ് ഡൽഹിക്ക് മേൽക്കൈ നൽകിയത്. ഹെട്‌മയറെ രോഹിതിൻ്റെ കൈകളിലെത്തിച്ച ജസ്പ്രീത് ബുംറ മുംബൈക്ക് ബ്രേക്ക് ത്രൂ നൽകിയെങ്കിലും അത് മതിയാവുമായിരുന്നില്ല. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ ഉറച്ചുനിന്ന മുൻ നായകൻ ശ്രേയാസ് അയ്യർ ഡൽഹിയെ ജയത്തിലേക്കും പ്ലേ ഓഫിലേക്കും നയിക്കുകയായിരുന്നു. ശ്രേയാസിനൊപ്പം ക്രീസിൽ ഉറച്ചുനിന്ന അശ്വിനും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. കൃണാൽ പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സറടിച്ച് അശ്വിനാന് ഡൽഹിക്ക് ജയം ഒരുക്കിയത്. ശ്രേയാസും (33) അശ്വിനും (20) പുറത്താവാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തു. 33 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഡൽഹി നിരയിൽ അവേഷ് ഖാനും അക്സർ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 4 ഓവറിൽ വെറും 15 റൺസ് വഴങ്ങിയാണ് അവേഷ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.
Story Highlights: delhi capitals won mumbai indians ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here