പിങ്ക് ബോൾ ടെസ്റ്റ്: തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ; 241ൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ

ഓസ്ട്രേലിയ-ഇന്ത്യ പിങ്ക് ബോൾ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയർത്തിയ 377 റൺസ് എന്ന കൂറ്റൻ സ്കോറിനു മറുപടിയുമായി ഇറങ്ങിയ ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് എടുത്തുനിൽക്കെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സിൽ 136 റൺസ് ലീഡ് ഉണ്ട്. 71 ഓവറുകൾ കൂടി ഇന്ന് അവശേഷിക്കെ രണ്ടാം ഇന്നിംഗ്സിനെ ഇന്ത്യ അഗ്രസീവായി സമീപിച്ചാൽ കളിയിൽ റിസൽട്ട് ഉണ്ടായേക്കും. (australia declare india women)
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് ആണ് ഓസ്ട്രേലിയ നേടിയിരുന്നത്. ബാറ്റിംഗ് തകർച്ച നേരിടുകയായിരുന്ന ഓസ്ട്രേലിയയെ ആഷ്‌ലി ഗാർഡ്നറും എലിസ് പെറിയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. 89 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഒടുവിൽ, ഫിഫ്റ്റിയടിച്ചതിനു തൊട്ടുപിന്നാലെ ഗാർഡ്നറെ (51) പുറത്താക്കിയ ദീപ്തി ശർമ്മ ഈ കൂട്ടുകെട്ട് പൊളിച്ചു. തുടർന്ന് ആതിഥേയർക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. അന്നബെൽ സതർലൻഡ് (3), സോഫി മോളിന്യൂ (2), ജോർജിയ വെയർഹാം (2), ഡാർസി ബ്രൗൺ (8) എന്നിവരൊക്കെ വേഗം മടങ്ങി. അന്നബെൽ, സോഫി എന്നിവരെ മേഘ്ന സിംഗ് പുറത്താക്കിയപ്പോൾ ജോർജിയയെ പൂജ വസ്ട്രാക്കറും ഡാർസി ബ്രൗണിനെ ദീപ്തി ശർമ്മയും മടക്കി അയച്ചു. എലിസ് പെറി (68) പുറത്താവാതെ നിന്നു.
Read Also : പിങ്ക് ബോൾ ടെസ്റ്റ്: ഓസ്ട്രേലിയ പൊരുതുന്നു
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സ്മൃതി മന്ദന (127) ടോപ്പ് സ്കോറർ ആയപ്പോൾ ദീപ്തി ശർമ്മ 66 റൺസെടുത്തു. പൂനം റാവത്ത് (36), ഷഫാലി വർമ്മ (31), മിതാലി രാജ് (30) എന്നിവർക്കൊക്കെ തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പുറത്തായ ഇന്ത്യൻ താരങ്ങളെല്ലാം ഇരട്ടയക്കം കടന്നു. ഝുലൻ ഗോസ്വാമി (7), മേഘ്ന സിംഗ് (2) എന്നിവർ പുറത്താവാതെ നിന്നു.
ഇന്ത്യൻ വനിതകളുടെ ആദ്യ പിങ്ക് ടെസ്റ്റ് ആണ് ഇത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ഇന്ത്യക്ക് 1-2 എന്ന സ്കോറിനു നഷ്ടമായിരുന്നു.
Story Highlights: australia declare india women pink ball test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here