യുഡിഎഫ് നേതാക്കളെ വേട്ടയാടുന്നത് സിപിഐഎമ്മിന്റെ സ്ഥിരം ശൈലിയെന്ന് രമേശ് ചെന്നിത്തല

സിപിഐഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലിയാണെന്ന് രമേശ് ചെന്നിത്തല. രാഷ്ട്രീയപരമായി നേരിടാൻ കഴിയാതെ വരുമ്പോൾ സിപിഐഎം അക്രമരാഷ്ട്രീയം കൊണ്ട് പ്രതിപക്ഷ നേതാക്കൾക്കെതിരെ കച്ചകെട്ടി ഇറങ്ങുമെന്നും രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡണ്ട് സുധാകരനെതിരെ സിപിഐഎം അഴിച്ചുവിടുന്ന ആക്രമണം അപലപനീയമാണെന്നും രമേശ് ചെന്നിത്തല കുറിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്:
സിപിഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ എല്ലാ രീതിയിലും നിരന്തരമായി വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലിയാണ്. രാഷ്ട്രീയപരമായി അവർക്ക് നേരിടാൻ കഴിയില്ല എന്നു വരുമ്പോൾ അവർ അക്രമരാഷ്ട്രീയം കൊണ്ടും കള്ളക്കേസുകൾ കൊണ്ടും പ്രതിപക്ഷ നേതാക്കൾക്കെതിരെ കച്ചകെട്ടി ഇറങ്ങും. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽ ഡി എഫ് സർകാരിൻ്റെ ഓരോ അഴിമതിയും തുറന്നുകാട്ടിയതിൻ്റെ പേരിൽ നിരന്തരമായി വേട്ടയാടപ്പെട്ട ഒരു വ്യക്തിയാണ് ഞാൻ. നേരിട്ട് കളത്തിലിറങ്ങി പരിക്കേൽക്കാതിരിക്കാൻ വേണ്ടി തങ്ങളുടെ അഴിമതി പങ്കാളികളെ കൊണ്ട് ഒളിഞ്ഞിരുന്നു കല്ലെറിഞ്ഞ് പരീക്ഷിക്കുകയാണ് അവർ. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയെ ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോർ എന്നെ ഒട്ടും തന്നെ ബാധിക്കില്ല എന്ന് സിപിഎം മനസ്സിലാക്കണം. കെപിസിസി പ്രസിഡണ്ട് ശ്രീ സുധാകരനെതിരെ സിപിഎം പല തലങ്ങളിലും അഴിച്ചുവിടുന്ന ആക്രമണം അപലപനീയമാണ്. സർക്കാരിൻ്റെയും സിപിഎമ്മിൻ്റെയും നെറികേടുകൾ ചൂണ്ടിക്കാണിക്കുന്ന കോൺഗ്രസ് നേതാക്കളെ കള്ള കേസുകൾ എടുത്ത് വായടപ്പിക്കാം എന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി.
‘ബിഗ് ഷോ’ രക്ഷകനായി; പഞ്ചാബ് കിംഗ്സിനെതിരെ ബാംഗ്ലൂരിന് മികച്ച സ്കോർ
ഏതെങ്കിലുമൊരു കോൺഗ്രസ് നേതാവിനെ സിപിഎം വ്യക്തിഹത്യ ചെയ്യുമ്പോൾ അത് തെളിയിക്കുന്നത് ആ നേതാവ് സിപിഎമ്മുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത നേതാവെന്ന്. മന്ത്രിമാർക്കെതിരെയും,ഉദ്യോഗസ്ഥർക്കെതിരെയും ഉയരുന്ന അഴിമതി ആരോപണങ്ങൾ മറച്ചു പിടിക്കാൻ വേണ്ടി യുഡിഎഫ് കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം സിപിഎം വിട്ടൊഴിയണം. ചില മാധ്യമ സ്ഥാപനങ്ങളും മാധ്യമ ധർമ്മം പാലിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. കെപിസിസിയുടെ താഴെ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളിൽ നിന്നും ഞാൻ രാജിവച്ചത് കെപിസിസി പ്രസിഡണ്ടിനെ ഏൽപ്പിക്കാൻ വേണ്ടി മാത്രമാണ്. പ്രതിപക്ഷ നേതാവ് ചുമതല വിട്ടു മാറിയ പിറ്റേ ദിവസം നൽകിയ രാജി ആയിരുന്നു അത്. “ചെന്നിത്തല രാജിവച്ചു” എന്ന കൃത്രിമ തലക്കെട്ടുകൾ കൊടുക്കുവാൻ വേണ്ടി മാധ്യമങ്ങൾ ഈ അവസരം ഉപയോഗിക്കരുത് എന്നും ഞാൻ അഭ്യർത്ഥിക്കുന്നു.
Story Highlights: ramesh chennithala-against-cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here