‘ബിഗ് ഷോ’ രക്ഷകനായി; പഞ്ചാബ് കിംഗ്സിനെതിരെ ബാംഗ്ലൂരിന് മികച്ച സ്കോർ

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിംഗ്സിന് 165 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റൺസാണ് നേടിയത്. 57 റൺസ് നേടിയ ഗ്ലെൻ മാക്സ്‌വൽ ആണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലെത്തിച്ചത്. പഞ്ചാബിനായി മോയിസസ് ഹെൻറിക്കസും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 4 ഓവറിൽ വെറും 12 റൺസ് വഴങ്ങിയാണ് ഹെൻറിക്കസിൻ്റെ പ്രകടനം. 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിൽ പതറിയ ബാംഗ്ലൂരിനെ വിസ്ഫോടനാത്മക ബാറ്റിംഗിലൂടെ മാക്സ്‌വൽ ആണ് കരകയറ്റിയത്. (royal challengers innings punjab)
ബാംഗ്ലൂർ നന്നായി ബാറ്റ് ചെയ്തു എന്നതിനപ്പുറം പഞ്ചാബിൻ്റെ പിഴവുകളാണ് ആദ്യ സമയങ്ങളിൽ കണ്ടത്. മോശം ബൗളിംഗിനൊപ്പം പഞ്ചാബ് ഫീൽഡിലും മോശം പ്രകടനമാണ് നടത്തിയത്. ചില ക്യാച്ചുകൾ അവർ നിലത്തിടുകയും ചെയ്തു. ഇതോടെ ബാംഗ്ലൂർ വളരെ വേഗത്തിൽ സ്കോർ ചെയ്തു. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടാതെ 55 റൺസിലെത്തിയ ബാംഗ്ലൂരിൻ്റെ സ്കോർ നില പിന്നീട് വളരെ താഴ്ന്നു. രവി ബിഷ്ണോയ്, ഹർപ്രീത് ബ്രാർ എന്നിവർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ അടുത്ത 6 ഓവറിൽ പിറന്നത് വെറും 18 റൺസ്. ഇതിനിടെ രവി ബിഷ്ണോയുടെ പന്തിൽ ദേവ്ദത്തിനെ ലോകേഷ് രാഹുൽ പിടികൂടിയത് തേർഡ് അമ്പയർ നോട്ടൗട്ട് വിളിച്ചത് വിവാദമായി. എന്നാൽ പിന്നീട് ധൃതിയിൽ ബാംഗ്ലൂരിന് മൂന്ന് വിക്കറ്റ് നഷ്ടമായി.
Read Also : ഐപിഎൽ: ബാംഗ്ലൂരിനു ബാറ്റിംഗ്; മൂന്ന് മാറ്റങ്ങളുമായി പഞ്ചാബ്
68 റൺസ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ട് തകർത്തത് മോയിസസ് ഹെൻറിക്കസ് ആയിരുന്നു. തൻ്റെ ആദ്യ ഓവറിൽ തന്നെ വിരാട് കോലിയെയും (25) ഡാനിയൽ ക്രിസ്റ്റ്യനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ഓസീസ് ഓൾറൗണ്ടർ പഞ്ചാബിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. കോലിയെ ക്ലീൻ ബൗൾഡാക്കിയ ഹെൻറിക്കസ് ക്രിസ്റ്റ്യനെ സർഫറാസ് ഖാൻ്റെ കൈകളിൽ എത്തിച്ചു. ഏരെ വൈകാതെ ദേവ്ദത്തിനെ (40) ഹെൻറിക്കസിൻ്റെ പന്തിൽ ലോകേഷ് രാഹുൽ പിടികൂടി.
നാലാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന മാക്സ്‌വൽ-എബി സഖ്യം കളം ഭരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ മാക്സ്‌വൽ ആയിരുന്നു ഏറെ അപകടകാരി. 29 പന്തുകളിൽ താരം ഫിഫ്റ്റി തികച്ചു. ഡിവില്ല്യേഴ്സ് കൂടി ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങിയതോടെ പഞ്ചാബ് വിയർത്തു. എന്നാൽ, 23 റൺസെടുത്ത എബിയെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കിയ സർഫറാസ് പഞ്ചാബിന് ബ്രേക്ക്‌ത്രൂ നൽകി. മാക്സ്‌വലുമായി നാലാം വിക്കറ്റിൽ 73 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷമാണ് എബി മടങ്ങിയത്. അവസാന ഓവറിൽ മാക്സ്‌വൽ (57) പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തിൽ സർഫറാസ് ഖാൻ പിടിച്ചാണ് താരം മടങ്ങിയത്. ഷഹബാസ് അഹ്മദ് (8), ജോർജ് ഗാർട്ടൺ (0) എന്നിവർ അതേ ഓവറിൽ ക്ലീൻ ബൗൾഡായി.
Story Highlights: royal challengers bangalore innings punjab kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here