Advertisement

അണ്ടർ 19 വനിതാ ഏകദിന ടൂർണമെൻ്റ്; കേരളത്തിന് ഒരു റൺ തോൽവി

October 3, 2021
Google News 2 minutes Read
womens kerala lost chhattisgarh

അണ്ടർ 19 വനിതാ ഏകദിന ടൂർണമെൻ്റിൽ കേരളത്തിന് ഒരു റൺ തോൽവി. ഛത്തീസ്ഗഢിനെതിരെയാണ് കേരളം ഹൃദയഭേദകമായ തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 202 റൺസ് നേടിയപ്പോൾ കേരളം 48.5 ഓവറിൽ 201 റൺസിന് ഓളൗട്ട് ആവുകയായിരുന്നു. (womens kerala lost chhattisgarh)

ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ്, കുമുദ് സാഹു (73), ഐശ്വര്യ സിംഗ് (54) എന്നിവരുടെ അർദ്ധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ കുറിച്ചത്. അവസാന ഓവറുകളിൽ ചില കൂറ്റൻ ഷോട്ടുകളുമായി ക്യാപ്റ്റൻ കൃതി ഗുപ്തയും (33) ഛത്തീസ്ഗഢിനായി തിളങ്ങി.

മറുപടി ബാറ്റിംഗിൽ മുൻനിര ബാറ്റ്സ്മാന്മാർക്കൊക്കെ തുടക്കം കിട്ടിയെങ്കിലും അത് മുതലെടുക്കാനായില്ല. 50 റൺസ് നേടിയ അനന്യ പ്രദീപ് ആണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. അബിന(23), സൗപർണ്ണിക(22), അഖില(16), ഗോപിക(15), സൂര്യ സുകുമാർ (16) എന്നിവർക്കൊക്കെ തുടക്കം ലഭിച്ചു. 184/9 എന്ന നിലയിലേക്ക് വീണ് തോൽവിയുറപ്പിച്ച കേരളത്തെ നിത്യ ലൂർദ്ദും അലീന എംപിയും ചേർന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയത്തിനരികെ എത്തിച്ചത്. 49ആം ഓവറിൽ വിജയത്തിലേക്ക് രണ്ട് റൺസ് മാത്രം അകലെ അലീന(11) പുറത്താവുകയായിരുന്നു. നിത്യ 10 റൺസുമായി പുറത്താകാതെ നിന്നു. ഛത്തീസ്ഗഢിനായി മഹക് നാർവാസേ നാലും ഐശ്വര്യ സിംഗ് മൂന്നും വിക്കറ്റ് നേടി.

എലീറ്റ് ഗ്രൂപ്പ് ഡിയിൽ 3 വിജയങ്ങളുമായി 12 പോയിൻ്റുള്ള കേരളം മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പിൽ 4 ജയം വീതം 16 പോയിൻ്റുള്ള മധ്യപ്രദേശും ബറോഡയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. എലീറ്റ് ഗ്രൂപ്പ് എയിൽ അഞ്ചാം സ്ഥാനത്താണ് ഛത്തീസ്ഗഢ്. കേരളത്തിനെതിരായ ഒരു ജയം മാത്രമാണ് അവർക്കുള്ളത്.

Story Highlights: womens u 19 kerala lost chhattisgarh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here