18
Oct 2021
Monday
Covid Updates

  ശമ്പളപരിഷ്കരണം നടപ്പിലാക്കണം; സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്

  തടഞ്ഞു വച്ചിരിക്കുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. 2020 ൽ ശമ്പള പരിഷ്കരണം പ്രഖ്യാപിച്ച് ഉത്തരവ് വന്നെങ്കിലും പുതുക്കിയ ശമ്പളം ലഭിച്ചില്ലെന്നാണ് ഡോക്ടർമാരുടെ പരാതി.

  പ്രസ്താവനയുടെ പൂർണരൂപം;

  കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജൂകളിലെ അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്. ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ബഹുഭൂരിഭാഗം മെഡിക്കൽ കോളേജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല എന്നതാണ് യാഥാർഥ്യം. കൂടാതെ പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കോവിഡ് പരിചരണത്തിൽ സ്തുത്യർഹമായ പങ്കുവഹിക്കുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരോട് സർക്കാർ കാണിക്കുന്ന വഞ്ചനയാണിതെന്നുതന്നെയാണ് കെജിഎംസിടിഎ യുടെ അഭിപ്രായം. ഉത്തരവിറങ്ങി ഒരു വർഷം തന്നെ പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള ഇത്തരം അവഗണനാപരമായ സമീപനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ ഈ വരുന്ന ഒക്ടോബർ 21 ആം തീയതി വ്യഴാഴ്ച എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധജാഥയും ഓഫിസിനുമുൻപിൽ ധർണയും ( കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ) നടത്താൻ തീരുമാനിച്ചിരിക്കുന്നു. മെഡിക്കൽ കോളേജിലെ വിവിധതലങ്ങളിലുള്ള ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെയും അന്നുമുതൽ ആരംഭിക്കുന്ന പ്രത്യക്ഷസമരത്തിലൂടെ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം.

  ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടതും എൻട്രി കേഡറിൽ ഉള്ള യുവഡോക്ടർമാരെ പ്രതികൂലമായി ബാധിക്കുന്നതുമായ അപാകതകൾ പരിഹരിക്കുക എന്ന പ്രധാന ആവശ്യത്തിനൊപ്പം സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കും എത്രയും വേഗം പരിഹാരം കാണണമെന്ന് സർക്കാരിനോട് സംഘടന ശക്തമായി ആവശ്യപ്പെടുന്നു.

  1. എൻട്രി കേഡറിൽ വന്നിട്ടുള്ള ശമ്പള സ്കെയിലിലെ അപാകതകൾ പരിഹരിക്കുക.
  2. അസിസ്റ്റന്റ് പ്രൊഫെസ്സറിൽ നിന്നും അസ്സോസിയേറ്റ് പ്രൊഫെസ്സർ ആയുള്ള സ്ഥാനക്കയറ്റത്തിന് ഇപ്പോൾ നടപ്പാക്കിയ ദീർഘിപ്പിച്ച കാലയളവ് പുനഃക്രമീകരിക്കുക.
  3. എല്ലാ അദ്ധ്യാപകർക്കും എത്രയും വേഗത്തിൽ പരിഷ്കരിച്ച ഉത്തരവ് പ്രകാരമുള്ള പേ സ്ലിപ് ലഭ്യമാക്കുക.
  4. പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും ശമ്പളകുടിശ്ശികയും കാലതാമസമില്ലാതെ വിതരണം ചെയ്യുക. പുതുക്കിയ ശമ്പളത്തിന്റെ എൻകാഷ്മെന്റ് ഡേറ്റ് പ്രഖ്യാപിക്കുക. പേ റിവിഷൻ ഓർഡറിലെ പ്രൊമോഷൻ ക്രൈറ്റീരിയ യുജിസി ക്രൈറ്റീരിയ എന്നതിന് പകരം NMC ക്രൈറ്റീരിയ എന്നു മാറ്റുക.
  5. പുതുക്കിയ തോതിലുള്ള ഡി.എ ഉടൻ എല്ലാ ഡോക്ടർമാർക്കും ലഭ്യമാക്കുക.
  6. പത്തുവർഷത്തിൽ കൂടുതൽ സേവനകാലാവധി ഉള്ള പ്രൊഫെസ്സർമാരുടെ(കേഡറും / CAP യും) പേ ലെവൽ 15 ലേക്ക് മാറ്റി പുനഃക്രമീകരിക്കുക.
  7. അസ്സോസിയേറ്റ് പ്രൊഫസർ അഡിഷണൽ പ്രൊഫസർ ആകാനുള്ള കാലാവധി 1/1/2016 മുതൽ 3 വർഷമായി ചുരുക്കണം.
  8. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന സമയബന്ധിത സ്ഥാനക്കയറ്റം ഉടൻ നടപ്പിലാക്കുക.

  9. റെഗുലർ പ്രോമോഷനുമായി ബന്ധപ്പെട്ട ഡി.പി.സി മീറ്റിങ്ങുകൾ കാലതാമസമില്ലാതെ നടത്തുകയും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുകയും ചെയ്യുക.

  10. ഡോക്ടർമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച വിഷയങ്ങളിൽ എത്രയും വേഗം നീതിപൂർവമായ തീരുമാനം എടുക്കുക.

  11. അഡിഷണൽ പ്രൊഫസർ ആയ ദിനം മുതൽ തന്നെ എല്ലാ അഡിഷണൽ പ്രൊഫസർമാരെയും പ്രൊഫസറായി (CAP) പുനർ നാമകരണം ചെയ്യണം.

  12. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പെൻഷൻറെ സീലിംഗ്, സെൻട്രൽ പെൻഷൻറെ സീലിംഗിന് തത്തുല്യമായി ഉയർത്തുക. NPA യും പെന്ഷന് പരിഗണിക്കണം.

  13. സർവീസിൽ ഉള്ള ലെക്ചറ്റെർമാർക്ക്, പിജി യെടുക്കാൻ ലെക്ചർ ട്രെയിനി ആനുകൂല്യങ്ങൾ അനുവദിക്കുക.

  14. പ്രിൻസിപ്പൽമാരുടെ അഡ്മിനിസ്‌ട്രേറ്റീവ് അലവൻസ് ജെ ഡി എം ഇയുടെ അഡ്മിനിസ്‌ട്രേറ്റീവ് അലവൻസിന് തുല്യമാക്കുക.

  കെജിഎംസിടിഎ സമർപ്പിച്ച അനോമലി കറക്ഷൻ പ്രൊപോസലിലെ എല്ലാ ആവശ്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാകണം.

  തികച്ചും ന്യായവും അധ്യാപകർക്ക് അവകാശപ്പെട്ടതുമായ ഇക്കാര്യങ്ങളിൽ സമയബന്ധിതവും അനുഭാവപൂർണ്ണവുമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതുവരെയും പ്രത്യക്ഷമായ പ്രക്ഷോഭപരിപാടികൾ തുടരുമെന്നും ഘട്ടംഘട്ടമായി സമരം ശക്തിപ്പെടുത്താൻ സംഘടന നിർബന്ധിതരാകും എന്ന് സർക്കാരിനെ ഓർമപ്പെടുത്തുകയാണ്.

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top