Advertisement

‘ഇന്ത്യക്കെതിരെ അവരിത് കാണിക്കില്ല’; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് മൈക്കൽ ഹോൾഡിംഗ്

October 6, 2021
Google News 2 minutes Read
michael holding criticizes england

പാകിസ്താൻ പര്യടനത്തിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ നടപടിയെ വിമർശിച്ച് വിൻഡീസ് ഇതിഹാസ ക്രിക്കറ്ററും മുൻ കമൻ്റേറ്ററുമായ മൈക്കൽ ഹോൾഡിംഗ്. ഇന്ത്യയായിരുന്നു പാകിസ്താൻ്റെ സ്ഥാനത്തെങ്കിൽ ഇംഗ്ലണ്ട് ഒരിക്കലും പരമ്പരയിൽ നിന്ന് പിന്മാറില്ലായിരുന്നു. കാരണം ഇന്ത്യ സമ്പന്നരും ശക്തരുമാണ് എന്ന് ഹോൾഡിംഗ് പറഞ്ഞു. (michael holding criticizes england)

“ചെയ്തത് തെറ്റാണെന്ന് അവർക്കറിയാം. അതുകൊണ്ടാണ് പ്രസ്താവന പുറപ്പെടുവിച്ച് അതിനു പിന്നിൽ ഒളിക്കാൻ അവർ ശ്രമിക്കുന്നത്. ബ്ലാക്ക് ലൈവ്‌സ് മാറ്റർ സംഭവത്തിലും അവർ ചെയ്തത് തെറ്റാണ്. പാശ്ചാത്യരുടെ ധാർഷ്ട്യമാണ് അവർ കാണിക്കുന്നത്. കൊവിഡ് വാക്സിൻ ലഭ്യമല്ലാതിരുന്ന സമയത്ത് പോലും പാകിസ്താൻ ഇംഗ്ലണ്ടിലേക്ക് പോയി ആഴ്ചകളോളം നീണ്ട പര്യടനം നടത്തി. ഇംഗ്ലണ്ട് ആവശ്യപ്പെടുന്ന ബഹുമാനം അന്ന് പാകിസ്താൻ നൽകി. ഇംഗ്ലണ്ടിന് നാല് ദിവസം പോലും പാകിസ്താനിൽ തങ്ങാൻ കഴിയുമായിരുന്നില്ലേ? അവർ ഇങ്ങനെ ഒരിക്കലും ഇന്ത്യയോട് ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്. കാരണം ഇന്ത്യ സമ്പന്നരും ശക്തരുമാണ്. ഹോൾഡിംഗ് പറഞ്ഞു.

Read Also : ടി-20 ലോകകപ്പിൽ പാകിസ്താന് ഇന്ത്യയെ തോൽപിക്കാനാവും: വഖാർ യൂനുസ്

സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. സർക്കാർ നിർദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ടീം അംഗങ്ങൾ സ്റ്റേഡിയത്തിൽ ഇറങ്ങാത്തിനെ തുടർന്ന് ആശയക്കുഴപ്പമുണ്ടാവുകയും ന്യൂസീലൻഡ് പിന്മാറിയെന്ന് ക്രിക്കറ്റ് ബോർഡ് അറിയിക്കുകയുമായിരുന്നു.

ന്യൂസീലൻഡ് പിന്മാറിയതിനു പിന്നാലെ ഇംഗ്ലണ്ടും ഇതേ തീരുമാനവുമായി രംഗത്തെത്തി. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും പര്യടനത്തിൽ നിന്ന് പിന്മാറുകയാണെന്നും ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾക്കെതിരെ പാകിസ്താൻ നിയമനടപടിക്കൊരുങ്ങുകയാണ്. വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, പിസിബിബ് ചെയർമാൻ റമീസ് രാജയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

Story Highlights: michael holding criticizes england cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here