എൻഡോസൾഫാൻ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല

എൻഡോസൾഫാൻ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചു. എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകാത്തത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
പുനരധിവാസ, ആശ്വാസ നടപടികളിൽ വിട്ടുവീഴ്ചയില്ലെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അറിയിച്ചു. കണക്കുകൾ നിരത്തിയാണ് മന്ത്രി മറുപടി പറഞ്ഞത്. മന്ത്രിയുടെ മറുപടിയിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
ദുരിതാശ്വാസം സംബന്ധിച്ച സുപ്രിംകോടതി വിധി പൂർണമായി നടപ്പാക്കിയിട്ടില്ലെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. അർഹരായ ആറായിരം പേരിൽ 1200 പേർക്ക് മാത്രമാണ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയത്. ദുരിതബാധിതർക്ക് പുനരധിവാസം നടപ്പാക്കാനുള്ള പ്രവർത്തനം ഒരു വർഷമായി നിശ്ചലമാണെന്നും പ്രതിപക്ഷം ആരോപിച്ചു. എൻ. എ നെല്ലിക്കുന്ന് എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് അനുമതി നേടിയത്.
അതിനിടെ എൻഡോസൾഫാൻ ദുരിത ബാധിതർ സെക്രട്ടേറിയറ്റ് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ദുരിത ബാധിതരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിലാണ് സമരം.
Story Highlights: opposition adjournment motion endosulfan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here