ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല : ചെറിയാൻ ഫിലിപ്പ്

ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്. പുസ്തക രചനയുടെ തിരക്കിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിന്മാറൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ( cherian philip facebook post )
ഖാദി വിൽപനയും ചരിത്ര രചനയും ഒരുമിച്ച് നടത്താൻ പ്രയാസമാണെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല.
40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാദ്ധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്.
കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്‌സ് തന്റെ സിദ്ധാന്തങ്ങൾ ആവിഷ്‌ക്കരിച്ചത്. തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്‌റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്.ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് സഹായിയായ കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് ഡി സി ബുക്‌സ് ഈ മാസം തന്നെ പുറത്തിറക്കും.
Story Highlights: cherian philip facebook post