Advertisement

തകർപ്പൻ ബാറ്റിംഗുമായി ബെത്ത് മൂണിയും തഹ്‌ലിയ മഗ്രാത്തും; ഓസ്ട്രേലിയക്ക് ആവേശ ജയം

October 9, 2021
Google News 2 minutes Read
australia women won india

ഇന്ത്യക്കെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഓസ്ട്രേലിയക്ക് ആവേശ ജയം. നാല് വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 119 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. 42 റൺസ് നേടിയ തഹ്‌ലിയ മഗ്രാത്താണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ബെത്ത് മൂണി 34 റൺസെടുത്തു. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്‌വാദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഓസ്ട്രേലിയ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1-0നു മുന്നിലെത്തി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. (australia women won india)

കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ഓസ്ട്രേലിയക്ക് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ഇന്നിംഗ്സിൻ്റെ രണ്ടാം പന്തിൽ തന്നെ എലിസ ഹീലിയെ (4) ശിഖ പാണ്ഡെ ക്ലീൻ ബൗൾഡാക്കി. രണ്ടാം വിക്കറ്റിൽ മെഗ് ലാനിംഗും ബെത്ത് മൂണിയും ചേർന്ന കൂട്ടുകെട്ട് 31 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഒരിക്കൽ പോലും റിക്വയേർഡ് റൺ നിരക്ക് മറികടക്കാൻ അവർക്കായില്ല. സമ്മർദ്ദത്തിനൊടുവിൽ ലാനിംഗ് മടങ്ങി. രാജേശ്വരി ഗെയ്ക്‌വാദിൻ്റെ പന്തിൽ റിച്ച ഘോഷ് പിടിച്ചാണ് ഓസീസ് ക്യാപ്റ്റൻ മടങ്ങിയത്.

Read Also : മഴ; ഓസ്ട്രേലിയ-ഇന്ത്യ വനിതാ ടി-20 റദ്ദാക്കി

തുടർന്ന് ഓസ്ട്രേലിയക്ക് വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. ആഷ്‌ലി ഗാർഡ്നർ (1) ഹർമൻപ്രീതിൻ്റെ ഇരയായപ്പോൾ എലിസ് പെറി (2) ദീപ്തി ശർമ്മയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മനോഹരമായി ബാറ്റ് ചെയ്ത് വന്ന മൂണിയെ (34) ഗെയ്‌ക്‌വാദിൻ്റെ പന്തിൽ റിച്ച സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതോടെ ഓസ്ട്രേലിയ പതറി. നിക്കോൾ കേരിയെയും (7) ഗെയ്ക്‌വാദ് മടക്കി.

തുടരെ വിക്കറ്റുകൾ വീഴുമ്പോഴും ഒരറ്റം കാത്തുസൂക്ഷിച്ച തഹ്‌ലിയ അവസാന ഓവറിൽ തുടർ ബൗണ്ടറികളടിച്ച് ജയം പിടിച്ചുവാങ്ങുകയായിരുന്നു. അവസാന ഓവറുകളിൽ ജോർജിയ വെയർഹാമും ബൗണ്ടറികൾ കണ്ടെത്തി. തഹ്‌ലിയ 42 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ ജോർജിയ പത്ത് റൺസുമായി പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിലാണ് 118 റൺസ് നേടിയത്. ഇന്ത്യൻ ടീമിൽ ആകെ മൂന്ന് താരങ്ങൾക്കേ ഇരട്ടയക്കം കടക്കാനായുള്ളൂ. എട്ടാം നമ്പറിൽ ഇറങ്ങി 26 പന്തിൽ 37 റൺസെടുത്ത പൂജ വസ്ട്രാക്കറാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഹർമൻപ്രീത് കൗർ (28), ദീപ്തി ശർമ്മ (16) എന്നിവരും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി.

Story Highlights: australia women won india women t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here