Advertisement

മഴ; ഓസ്ട്രേലിയ-ഇന്ത്യ വനിതാ ടി-20 റദ്ദാക്കി

October 7, 2021
Google News 2 minutes Read
rain india australia women

ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ടി-20 മത്സരം റദ്ദാക്കി. മഴയെ തുടർന്നാണ് മത്സരം റദ്ദാക്കിയത്. 15.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 131 റൺസ് എടുത്തുനിൽക്കെ മഴ പെയ്തതിനെ തുടർന്ന് ഇന്ത്യയുടെ ബാറ്റിംഗ് അവസാനിച്ചിരുന്നു. 49 റൺസ് നേടി പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇന്ത്യൻ ബാറ്റർമാർക്കെല്ലാം തുടക്കം ലഭിച്ചു. ഓസ്ട്രേലിയക്കായി ആഷ്‌ലി ഗാർഡ്നർ 2 വിക്കറ്റ് വീഴ്ത്തി. (rain india australia women)

മികച്ച തുടക്കമാണ് ഇന്ത്യക്ക് ഓപ്പണർമാർ ചേർന്ന് നൽകിയത്. സ്മൃതിയും ഷഫാലിയും അനായാസം ബൗണ്ടറികൾ കണ്ടെത്തിയപ്പോൾ ഇന്ത്യ കുതിച്ചു. 31 റൺസ് നീണ്ട ഈ കൂട്ടുകെട്ട് നാലാം ഓവറിലാണ് അവസാനിക്കുന്നത്. സ്മൃതി മന്ദനയെ (17) ഹന്ന ഡാർലിംഗ്ടണിൻ്റെ കൈകളിലെത്തിച്ച ആഷ്‌ലി ഗാർഡ്നർ ഓസ്ട്രേലിയക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. അതേ ഓവറിൽ തന്നെ ഷഫാലി വർമ്മയും (18) മടങ്ങി. യുവതാരത്തെ ജോർജിയ വെയർഹാം പിടികൂടുകയായിരുന്നു. മൂന്ന് ബൗണ്ടറികളുമായി ഹർമൻപ്രീത് കൗർ (12) വളരെ വേഗത്തിൽ ഇന്നിംഗ്സ് ആരംഭിച്ചെങ്കിലും സോഫി മോളിന്യുവിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി.

Read Also : ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതകൾ ബാറ്റ് ചെയ്യും; ജമീമ റോഡ്രിഗസ് ടീമിൽ തിരികെയെത്തി

നാലാം വിക്കറ്റിൽ ജമീമ റോഡ്രിഗസും യസ്തിക ഭാട്ടിയയും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ വീണ്ടും ട്രാക്കിലെത്തിച്ചു. ഹണ്ട്രഡിലെ ഗംഭീര ഫോം തുടർന്ന ജമീമ അനായസം ബൗണ്ടറികൾ കണ്ടെത്തിയപ്പോൾ യസ്തിക ഉറച്ച പിന്തുണ നൽകി. 51 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഒടുവിൽ യസ്തികയെ (15) തയ്‌ല വ്ലാമിൻകിൻ്റെ കൈകളിലെത്തിച്ച ജോർജിയ വെയർഹാം ഈ കൂട്ടുകെട്ട് പൊളിച്ചു. ആറാം നമ്പറിലെത്തിയ റിച്ച ഘോഷ് ഭാഗ്യത്തെ കൂട്ടുപിടിച്ച് ചില ബൗണ്ടറികൾ നേടി. കളി അവസാനിപ്പിക്കുമ്പോൾ ജമീമയും (49) റിച്ച ഘോഷും (17) പുറത്താവാതെ നിന്നു. അപരാജിതമായ 25 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. നേരത്തെ ഏകദിന പരമ്പര 2-1നു പരാജയപ്പെട്ട ഇന്ത്യ പിങ്ക് ബോൾ ടെസ്റ്റിൽ സമനില പിടിച്ചിരുന്നു.

Story Highlights: rain india australia women t20 called off

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here