Advertisement

ആർസ്ബി ക്യാപ്റ്റൻസി ഒഴിയാനുള്ള തീരുമാനം 2019ൽ തന്നെ എടുത്തത്: വിരാട് കോലി

October 9, 2021
2 minutes Read
virat kohli rcb captaincy

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ക്യാപ്റ്റൻസി സ്ഥാനം ഒഴിയാനുള്ളത് പെട്ടെന്നുള്ള തീരുമാനം ആയിരുന്നില്ലെന്ന് വിരാട് കോലി. 2019ൽ തന്നെ ഇക്കാര്യത്തെ പ്പറ്റി ആലോചിച്ചിരുന്നു എന്നും സഹതാരം എബി ഡിവില്ല്യേഴ്സുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു എന്നും കോലി സ്റ്റാർ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. (virat kohli rcb captaincy)

“ബാംഗ്ലൂരിൻ്റെ നായക സ്ഥാനം ഒഴിയുന്നതിനെപ്പറ്റി 2019ൽ തന്നെ ഞാൻ ഡിവില്ല്യേഴ്സുമായി സംസാരിച്ചിരുന്നു. എനിക്ക് സമാധാനപരമായ അന്തരീക്ഷമായിരുന്നു. അന്ന് ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുകയും ഒരു വർഷം കൂടി നായക സ്ഥാനത്ത് തുടരാമെന്ന് തീരുമാനിക്കുകയും ചെയ്തു. 2020ൽ മാനേജ്മെൻ്റ് പുനസംഘടനയോടെ കാര്യങ്ങൾ കുറേക്കൂടി മെച്ചപ്പെട്ടു.”- കോലി പറഞ്ഞു.

ഈ സീസണ് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് വിരാട് കോലി അറിയിച്ചത്. എന്നാൽ വിരമിക്കുന്നത് വരെ ടീമിൽ തുടരുമെന്നും വിരാട് കോലി വ്യക്തമാക്കി. വിശ്വാസത്തിനും പിന്തുണയ്‌ക്കും എല്ലാ ആര്‍സിബി ആരാധകര്‍ക്കും വിരാട് നന്ദി പറഞ്ഞു. 2013 മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാണ് വിരാട് കോലി.

Read Also : ഹർദ്ദിക്ക് അകത്തോ പുറത്തോ?; ലോകകപ്പ് ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന

ലോകകപ്പിന് ശേഷം ടി-20 നായക സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരമാനമെന്ന് വിരാട് പറഞ്ഞിരുന്നു. ഒന്‍പത് വര്‍ഷത്തോളമായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചു വരികയാണ്. 5-6 വര്‍ഷമായി നായകനെന്ന നിലയില്‍ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നല്‍കണമെന്ന് സ്വയം തോന്നുകയാണ്. ടി-20യില്‍ ബാറ്റ്‌സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിച്ചിരുന്നു.

ഐപിഎലിൻ്റെ ഈ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അവസാന നാലിൽ എത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിനും ചെന്നൈ സൂപ്പർ കിംഗ്സിനും പിന്നിൽ മൂന്നാം സ്ഥാനക്കാരായാണ് ആർസിബിയുടെ പ്ലേ ഓഫ് പ്രവേശനം.

അതേസമയം, ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17നാണ് ആരംഭിക്കുക. ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

Story Highlights: virat kohli about rcb captaincy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top