കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന് ആർകിടെക്ട്

കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തെ കുറിച്ചുള്ള ഐഐടിയുടെ പഠന റിപ്പോർട് വിശ്വാസയോഗ്യമല്ലെന്ന് കെട്ടിടത്തിന്റെ ആർകിടക്ട് ആർ.കെ രമേശ്. പഠന റിപ്പോർട് സർക്കാർ പുറത്തുവിടണം. റിപ്പോർട് പരിശോധിക്കാൻ ഒരു വിദഗ്ധ സംഘത്തെ പഠനത്തിനായി നിയോഗിക്കണമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
ഐ.ഐ.ടി സംഘം കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തെ കുറിച്ച് പഠിക്കാനെത്തിയപ്പോൾ ആർക്കിടെക്ടായ തന്നെയോ സ്ട്രച്ചറൽ എൻജിനീയറെയോ ബന്ധപ്പെട്ട് വിവരശേഖരണം നടത്തിയില്ലെന്ന് രമേശ് പറയുന്നു. കെട്ടിടത്തിന്റെ രൂപകൽപ്പന പോലും പരിശോധിച്ചിട്ടില്ല. വിദഗ്ധ അഭിപ്രായം കേൾക്കാതെ കേവലം ഒറ്റ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടികളുടെ നവീകരണം നടത്തരുതെന്നും അദ്ദേഹം പറയുന്നു
ഇനി കെട്ടിട നിർമാണത്തിൽ തകരാറുകൾ ഉണ്ടെങ്കിൽ തന്നെ ബലക്ഷയം മാറ്റാൻ ഇത്രയും തുക ചിലവാകില്ല. റിപ്പോർട് കെട്ടിടം നടത്തിപ്പുകാരെ സഹായിക്കാനെന്ന് സംശയമുണ്ടെന്നും രമേശ് കുറ്റപ്പെടുത്തുന്നു. കെ.എസ്.ആർ.ടി.സി സമുച്ചയത്തിന്റെ ഉൾപ്പെടെ വിവിധ സർക്കാർ പദ്ധതികളുടെ ആർക്കിടെക്ടാണ് ആർ.കെ രമേശ്. മാനാഞ്ചിറ സ്‌ക്വയർ, സരോവരം ബയോപാർക്ക്, നവീകരിച്ച മിഠായിത്തെരുവ് തുടങ്ങി എണ്ണം പറഞ്ഞ പദ്ധതികൾ രൂപകൽപന ചെയ്തത് ആർ.കെ രമേശാണ്.
Story Highlights: architect against iit report