കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റിലായി. കാറിന്റെ ഡ്രൈവറായിരുന്ന കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി പി.എസ് പ്രതീഷാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയക്ക് കേസെടുത്തു.
അപകടമുണ്ടാകുമ്പോള്‍ പ്രതീഷും കാറിലുണ്ടായിരുന്നവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതീഷിന്റെ കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിരുന്നു,
കഴക്കൂട്ടം വെഞ്ഞാറമൂട് ബൈപ്പാസില്‍ ചന്തവിള കിന്‍ഫ്ര പാര്‍ക്കിന് സമീപമാണ് ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കോതമംഗലം ചെറുവാറ്റൂര്‍ ചിറയ്ക്കല്‍ നിതിന്‍.സി.ഹരിയാണ് മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി. നിതിന്റെ സുഹൃത്ത് വിഷ്ണുവാണ് ബൈക്കോടിച്ചത്. വിഷ്ണുവിനെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴക്കൂട്ടം ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ ഇന്നോവ കാര്‍ ബൈക്കിലിടിക്കുകയായിരുന്നു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് നിതിനും വിഷ്ണുവും.
Story Highlights: car driver arrested