ലഖിംപൂർ സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡിയുടെ ബന്ദ് ഇന്ന്

ലഖിംപൂർ സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡിയുടെ ബന്ദ് ഇന്ന്. ശിവസേന, എൻസിപി, കോൺഗ്രസ് തുടങ്ങി ഭരണപക്ഷ പാർട്ടികളുടെ ആഭിമുഖ്യത്തിലാണ് ബന്ദ്. അതേസമയം, കേന്ദ്രമന്ത്രിയുടെ മകനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ലഖിംപൂർ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ആവശ്യത്തെ ആശിഷ് മിശ്ര ടേനി എതിർക്കും. അതേസമയം, അജയ് മിശ്ര ടേനിയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സംയുക്ത കിസാൻ മോർച്ച നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നാളെ മുതൽ കർഷകരുടെ ചിതാഭസ്മവും വഹിച്ചുക്കൊണ്ടുള്ള യാത്ര നടത്താനാണ് സംയുക്‌ത കിസാൻ മോർച്ചയുടെ തീരുമാനം. (lakhimpur maharashtra strike today)
Read Also : ലഖിംപൂര്‍ഖേരി ആക്രമണം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് അഖിലേഷ് യാദവ്
ലഖിംപൂർ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ ആശിഷ് മിശ്ര ടേനിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. വിശദമായി ചോദ്യം ചെയ്യാനും, തെളിവുകൾ ശേഖരിക്കാനുമാണ് ഉദ്യോഗസ്ഥരുടെ ശ്രമം. ശനിയാഴ്ച 12 മണിക്കൂർ ആശിഷ് മിശ്ര ടേനിയെ ചോദ്യം ചെയ്തിരുന്നു. “സംഭവ സ്ഥലത്തുണ്ടായിരുന്നില്ല” എന്ന ഉത്തരമാണ് ഭൂരിഭാഗം ചോദ്യങ്ങൾക്കും മറുപടിയായി ആശിഷ് മിശ്ര ടേനി നൽകിയത്. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനെ തുടർന്ന് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അജയ് മിശ്ര ടേനിയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും, മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചില്ലെങ്കിൽ കർഷകരുടെ ചിതാഭസ്മവും വഹിച്ചുക്കൊണ്ടുള്ള യാത്രയ്ക്ക് നാളെ തുടക്കമിടും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷക നേതാക്കൾ ഇന്ന് ലഖിംപൂർ ഖേരിയിലെത്തും. അതേസമയം, സംഭവത്തിലെ രണ്ടാമത്തെ എഫ്.ഐ.ആറിൽ കർഷകർ ബിജെപി പ്രവർത്തകരെ ആക്രമിച്ചെന്ന് ആരോപിച്ചു.
സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. കർഷകരെ ചവിട്ടിയരച്ച അക്രമികൾക്ക് ഭരണഘടന ചവിട്ടിമെതിക്കാനും മടിയുണ്ടാകില്ലെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. അവർ കർഷകരെ തീവ്രവാദികളായി മുദ്രകുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹറൻപൂരിൽ നടത്തിയ പൊതു സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.
Story Highlights: lakhimpur maharashtra strike today