പാക് ചാര സംഘടനയ്ക്ക് രഹസ്യങ്ങൾ ചോർത്തി; സൈനികൻ അറസ്റ്റിൽ

പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്റ്റിൽ. ഹരിയാന പൊലീസാണ് സൈനികനെ അറസ്റ്റ് ചെയ്ത കാര്യം വ്യക്തമാക്കിയത്. അംബാല ജില്ലയിലെ നരൈൻഗഡ് സ്വദേശിയായ രോഹിത് കുമാർ ആണ് അറസ്റ്റിലായതെന്ന് ഹരിയാന പൊലീസ് അറിയിച്ചു.
ഇന്നലെയാണ് സൈനികൻ അറസ്റ്റിലായത്. ഭോപ്പാലിൽ സൈന്യത്തിലെ എൻജിനീയറിംഗ് റെജിമെന്റിൽ ഹവൽദാറായി ജോലിചെയ്യുകയായിരുന്നു രോഹിത് കുമാർ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രോഹിത് ലീവിന് നാട്ടിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
പാക് ഏജന്റുമായി തനിക്ക് ബന്ധമുണ്ടെന്നും ഫോട്ടോകൾ ഉൾപ്പടെയുള്ള രഹസ്യ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും രോഹിത് കുമാർ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ഇയാളുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഹാമിദ് അക്തർ പറഞ്ഞു.
Story Highlights : Jawan Arrested For Leaking Secrets