ഇന്ത്യ ന്യൂസിലാൻഡ് ടി20 പരമ്പര; മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും

ടി 20 ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് ടി20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ യുവ താരങ്ങൾക്ക് അവസരം നൽകുമെന്നാണ് സൂചന. ഐ പി എല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് യുവ നിരയെ തിരഞ്ഞെടുക്കുന്നത്.
നാല് മാസത്തിനിടെ മുതിർന്ന താരങ്ങൾ തുടർച്ചയായ മൂന്ന് ബയോ ബബിളുകളുടെ ഭാഗമായിരുന്നു. ടി 20 ലോകകപ്പിന് ശേഷം, ഡിസംബർ അവസാനം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് ഈ താരങ്ങൾക്ക് ഇടവേള ആവശ്യമാണെന്ന് സെലക്ഷൻ കമ്മിറ്റി അംഗം അറിയിച്ചു. കോലി, ബുംറ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം നൽകുമെന്നാണ് നിഗമനം.
ഇവരുടെ അഭാവത്തിൽ രുതുരാജ് ഗെയ്ക്വാദ്, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, വെങ്കിടേഷ് അയ്യർ എന്നിവർക്ക് നറുക്ക് വീഴാനാവും സാധ്യത. നവംബർ 17, 19, 21 തീയതികളിൽ ജയ്പൂർ, റാഞ്ചി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ടി 20 മത്സരങ്ങൾ. നവംബർ 25 ന് കാൺപൂരിലും ഡിസംബർ 3 ന് മുംബൈയിലും രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കും.