കോട്ടയത്ത് മഴക്കെടുതി രൂക്ഷം; കളക്ടർ സൈന്യത്തിന്റെ സഹായം തേടി

സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ കോട്ടയം ജില്ലയിൽ മഴക്കെടുതി രൂക്ഷം. മഴക്കെടുതിൽ രക്ഷാപ്രവർത്തനത്തിനായി ജില്ലാ കളക്ടർ സൈന്യത്തിന്റെ സഹായം തേടി. ഉരുൾപൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയിൽ കാണാതായ12 പേരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ മൂന്ന് വീടുകൾ ഒലിച്ചുപോയി. അമ്പതോളം പേരെ മാറ്റി പാര്‍പ്പിച്ചു.
കോട്ടയം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മുണ്ടക്കയം- എരുമേലി ക്രോസ് വേ വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. കാഞ്ഞിരിപ്പള്ളി ടൗണിലും വെള്ളം കയറി. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങളെല്ലാം മാറ്റുകയാണ്. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി കരസേനയെ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കൂർ സംസ്ഥാനത്ത് ജാഗ്രതാനിർദേശമുണ്ട്. തെക്കൻ-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here