03
Dec 2021
Friday
Covid Updates

  മഴ മുന്നറിയിപ്പ് പുതുക്കി; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

  orange alert 11 districts

  സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർഗോഡ് ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. ( orange alert 11 districts )

  ഇതിൽ പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചു.

  സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

  പത്തനംതിട്ടയിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. കഴിഞ്ഞ രണ്ട് മണിക്കൂറായി ഇടിയോടു കൂടി മഴ പെയ്യുകയാണ്. കക്കി ആനത്തോട് ഡാമിൽ ഇന്നലെ റെഡ് അലേർട്ട് പുറപ്പെടുവിച്ചിരുന്നു. 10 മണിക്ക് ചേരുന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷമാകും ഡാം തുറക്കുന്നതിൽ തീരുമാനം എടുക്കുക.

  Read Also : കൊവിഡ് കാലത്തെ വെള്ളപ്പൊക്കം; എമർജൻസി കിറ്റിൽ കരുതേണ്ടത് എന്തെല്ലാം ? [24 Explainer]

  തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ: നവ് ജ്യോത് ഖോസ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുൾപ്പെടെയുള്ള യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്. തിരുവനന്തപുരം ബാലരാമപുരം ഇടമനകുഴിയിലെ രണ്ടു വീടുകളിലെ കിണറുകൾ ഇടിഞ്ഞ് താഴ്ന്നു. ഇടമനകുഴി സ്വദേശിനികളായ ബിന്ദു, ജയ എന്നിവരുടെ വീടുകളിലെ കിണറുകളാണ് ഇടിഞ്ഞു താഴ്ന്നത്. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 40 സെന്റി മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 ന് എല്ലാ ഷട്ടറുകളും 20 സെന്റി മീറ്റർ കൂടി (മൊത്തം 240cm ) ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  കൊല്ലം ജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. നഗരപ്രദേശത്ത് മാറി നിന്ന മഴ വീണ്ടും തുടങ്ങി. കിഴക്കൻ മേഖലയിൽ മഴ രൂക്ഷമാണ്. തെന്മല ഡാമിൻറെ ഷട്ടർ ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. കല്ലടയാറിന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. മലയോര മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. പത്തനാപുരത്ത് മഴയിൽ വീട് തകർന്നു. മാങ്കോട് സ്വദേശിയായ ദാസിന്റെ വീടാണ് തകർന്നത്. അഞ്ചൽ ആയൂർ പാതയിൽ റോഡ് തകർന്നു. റോഡ് നിർമാണം നടക്കുന്ന പെരിങ്ങള്ളൂർ ഭാഗത്താണ് മണ്ണിടിഞ്ഞുവീണ് റോഡ് തകർന്നത്. ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകർന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. തീരമേഖലകളിലും മഴക്കെടുതി രൂക്ഷമാണ്. ക്ലാപ്പന പഞ്ചായത്തിൽ ചില വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റിപ്പാർപ്പിച്ചു. മയ്യനാട് താന്നി ഭാഗങ്ങളിലും വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്.

  കോട്ടയം മുണ്ടക്കയം ചെളിക്കുഴി, മുപ്പത്തിയൊന്നാം മൈലിലും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംരക്ഷണഭിത്തി ഇടിഞ്ഞ് വീടുകൾ അപകടാവസ്ഥയിലാണ്. ഈരാറ്റുപേട്ട പൂഞ്ഞാർ റോഡിൽ വെള്ളക്കെട്ട്. മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മുണ്ടക്കയം മുറികല്ലുംപുറം ആറ്റു തീരത്ത് പുറമ്പോക്ക് ഭൂമിയിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

  Story Highlights : orange alert 11 districts

  ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top