ശാസ്താംകോട്ടയിൽ ഡോക്ടറെ മർദിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറാണ് അറസ്റ്റിലായത്. ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ ഗണേഷിനെ മർദിച്ച സംഭവത്തിലാണ് അറസ്റ്റ്.
ശാസ്താംകോട്ട പൊലീസ് ഇന്ന് രാവിലെയാണ് ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. സംഭവത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീകുമാർ. പഞ്ചായത്ത് പ്രസിഡന്റിനൊപ്പമുണ്ടായിരുന്ന ആറ് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ നടത്തിയ ഒ.പി ബഹിഷ്‌കരണ സമരം അവസാനിപ്പിച്ചു.
കേസിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാറിനെതിരെയും പൊലീസ് കേസെടുത്തു. ഡോക്ടർമാരെ ആശുപത്രിക്ക് പുറത്തുവച്ച് നേരിടും എന്നായിരുന്നു അജയകുമാറിന്റെ ഭീഷണി.
വ്യാഴാഴ്ച രാത്രിയായിരുന്നു ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ഡോക്ടറും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ വാക്കുതർക്കമുണ്ടായത്. മരണം സ്ഥിരീകരിക്കാൻ വൈകി എന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടറെ കയ്യേറ്റം ചെയ്തു എന്നാണ് പരാതി. എന്നാൽ ഡോക്ടർ തങ്ങളെ മർദിക്കുകയായിരുന്നു എന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റേയും പ്രവർത്തകരുടേയും ആരോപണം.
Story Highlights : panchayat president arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here