ഇടിമിന്നലിൽ ടി.വി സ്റ്റാൻഡ് പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികൾക്ക് പരുക്ക്

പാലക്കാട് ചളവറ മാമ്പറ്റപ്പടിയിൽ ഇടിമിന്നലിൽ ടി.വി സ്റ്റാൻഡ് പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരിക്കേറ്റു. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾക്കാണ് പരുക്കേറ്റത്. 40 ദിവസം പ്രായമായ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ( tv stand burst )
കയിലിയാട് പാറക്കൽ പ്രദീപിന്റെ മക്കളായ അക്ഷയ്, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. ടി.വി കണ്ടുകൊണ്ട് ഇരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ടി വി വച്ചിരുന്ന ഗ്ലാസ് സ്റ്റാൻഡ് പൊട്ടിത്തെറിക്കുകയായിരുന്നു. മിന്നലിൽ ടി വി യുടെ സെറ്റ് ടോപ്പ് ബോക്‌സും പൊട്ടിത്തെറിച്ചു. സമീപത്തെ അങ്കണവാടിയുടേതടക്കം നിരവധി വീടുകളിൽ സ്വിച്ച് ബോർഡുകളും തകർന്നു.
മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ ജാഗ്രത തുടരുകയാണ്. മലമ്പുഴ അണക്കെട്ടിന്റെ 4 ഷട്ടറുകളും 24 സെന്റിമീറ്റർ തുറന്നതോടെ ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ അകമലവാരത്ത് മല വെള്ളപ്പാച്ചിലുണ്ടായി.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പാലക്കാട് ജില്ലയിൽ മഴ ശക്തി പ്രാപിച്ചത്. മലനിരകളിൽ മഴ കനത്തതോടെ പോത്തുണ്ടി ഡാം സ്പിൽവേ 15 സെമി ഉയർത്തി വെള്ളം തുറന്നു വിട്ടു. മലമ്പുഴ അണക്കെട്ടിൽ നിന്ന് 24 സെന്റിമീറ്റർ ഷട്ടർ ഉയർത്തിയാണ് വെള്ളം തുറന്ന് വിടുന്നത്. ഇതോടെ ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നു. വാളയാർ അണക്കെട്ടിലെയും മലമ്പുഴ അണക്കെട്ടിലേയും വെള്ളം ഒന്നിച്ച് ചേരുന്നിടത്തെ മുക്കൈ പാലത്തെ തൊട്ടാണ് ജലനിരപ്പ് . വാളയാർ ഒഴികെ ജില്ലയിലെ എല്ലാ ഡാമുകളും തുറന്നു. ഇത് തുറന്നാൽ പാലം പൂർണമായും മുങ്ങും. അടിയന്തിര സാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമെന്ന് കലക്ടർ മൃൺമയി ജോഷി ശശാങ്ക് 24 നോട് പറഞ്ഞു.
Read Also : സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കും; നാല് ദിവസം വരെ മഴയ്ക്ക് സാധ്യത
ഇന്നലെ മലവെള്ളപ്പാച്ചിലുണ്ടായ മലമ്പുഴ അകമലവാരം മേഖല കളക്ടറും എ പ്രഭാകരൻ എംഎൽഎയും സന്ദർശിച്ചു. രണ്ടാൾ പ്പൊക്കത്തിലാണ് മേഖലയിൽ മലവെള്ളം ഇരച്ചെത്തിയത്. സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ കളക്ടറുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും.
Story Highlights : tv stand burst
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here