ജനങ്ങൾ ആശങ്കരാകേണ്ടതില്ല; ഭീതി പരത്തുന്ന വ്യാജ പ്രചാരണങ്ങൾ പാടില്ല : മന്ത്രി കെ.രാജൻ

കക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കരാകേണ്ടതില്ലെന്ന് മന്ത്രി കെ.രാജൻ ട്വന്റിഫോറിനോട്. വേണ്ട മുന്നൊരുക്കങ്ങളെല്ലാം നടത്തിയ ശേഷമാണ് ഡാം തുറക്കുന്നതെന്നും മന്ത്രി പറഞ്ഞു. ( dont panic says minister k rajan )
ആനത്തോടിൽ നിന്നാണ് കക്കി ഡാം ആരംഭിക്കുന്നത്. ആദ്യത്തെ നാല് മണിക്കൂറിനുള്ളിൽ പമ്പാ-തൃവേണി നദിയിലൂടെയാണ് ആദ്യം വെള്ളം വരിക. പിന്നീടാണ് പെരുന്തേനരുവിയിലേക്ക് പ്രവേശിക്കുക. അവിടെ കക്കാട്ടാർ എന്ന ആറ് വരും. വടശേരിക്കര വരുമ്പോഴാണ് കല്ലാറ് ചേരുന്നത്. ഏതാണ്ട് 20 മണിക്കൂറോളം എടുക്കും ഈ വെള്ളം കുട്ടനാട് എത്താൻ. നല്ല മഴ പെയ്താൽ മാത്രമേ ഈ സാഹചര്യത്തിൽ മാറ്റം വരികയുള്ളു. ജനങ്ങളെ സുരക്ഷിതരാക്കാൻ വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വിധമുള്ള വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
അതേസമയം, മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. പത്ത് മണിക്ക് ഓൺലൈനായാണ് യോഗം. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ, റവന്യു, ജലവിഭവ, വൈദ്യുതി മന്ത്രിമാർ വകുപ്പ് തലവന്മാർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്യും.
കേരളത്തിലെ അഞ്ച് നദികളിലാണ് ഇന്നലെ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചത്. മണിമല, കല്ലട, അച്ഛൻ കോവിൽ, കരമന, നെയ്യാർ എന്നി നദികൾക്കാണ് കേന്ദ്ര ജല വിഭവ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ഇതിന് പുറണെ ഇടുക്കി, പമ്പാ ഡാമുകളിലും ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Read Also : പമ്പാ ഡാമിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 22 ആണ്. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ 8 പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്.
ഇടുക്കിയിൽ ഫൗസിയയുടേയും മകൻ അമീൻ സിയാദിന്റെയും മൃതദേഹമാണ് ഒടുവിലായി ലഭിച്ചത്. ഇനി ലഭിക്കാനുള്ളത് സച്ചു ഷാഹുലിന്റെ മൃതദേഹമാണ്. കോഴിക്കോട് വടകര കണ്ണൂക്കര സ്വദേശി പട്ടാണി മീത്തൽ ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കുന്നുമ്മക്കരയിലെ മാതാവിന്റെ വീട്ടിലായിരുന്നു റൈഹാൻ ഉണ്ടായിരുന്നത്. രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടിൽ വീഴുകയായിരുന്നു. പരിസരവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights : dont panic says minister k rajan