Advertisement

രാഹുലിനും കിഷനും ഫിഫ്റ്റി; ഇന്ത്യക്ക് തകർപ്പൻ ജയം

October 18, 2021
Google News 2 minutes Read
india won england t20

ടി-20 ലോകകപ്പിനു മുന്നോടി ആയി നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം ഒരു ഓവർ ശേഷിക്കെ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 70 റൺസെടുത്ത ഇഷൻ കിഷൻ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ലോകേഷ് രാഹുൽ 51 റൺസെടുത്തു. (india won england t20)

ഗംഭീര തുടക്കമാണ് ഓപ്പണർമാരായ ഇഷാൻ കിഷനും ലോകേഷ് രാഹുലും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ഇഷാൻ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ആദ്യ ഓവറുകളിൽ സ്ട്രോക്ക് പ്ലേയുടെ എക്സിബിഷൻ കാഴ്ചവച്ച രാഹുൽ ഇന്ത്യയെ മുന്നോട്ടുനയിച്ചു. അനായാസം ബൗണ്ടറി ക്ലിയർ ചെയ്ത രാഹുൽ ഒരു ബൗളറെയും വെറുതെവിട്ടില്ല. വെറും 23 പന്തുകളിൽ 6 ബൗണ്ടറികളുടെയുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ രാഹുൽ ഫിഫ്റ്റി തികച്ചു. തൊട്ടടുത്ത പന്തിൽ രാഹുൽ പുറത്തായി. മാർക്ക് വുഡ് ആണ് ഇംഗ്ലണ്ടിന് ബ്രേക്ക്‌ത്രൂ നൽകിയത്. 9ആം ഓവറിൽ മൊയീൻ അലി പിടിച്ച് പുറത്താവുമ്പോൾ ഇഷാനൊപ്പം 85 റൺസാണ് രാഹുൽ അടിച്ചുകൂട്ടിയത്.

Read Also : ഒരു റൺസ് അകലെ ബെയർസ്റ്റോയ്ക്ക് ഫിഫ്റ്റി നഷ്ടം; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

തുടക്കം മുതൽ ടൈമിങ് കണ്ടെത്താൻ വിഷമിച്ച ഇഷാൻ രാഹുൽ പുറത്തായതിനു ശേഷം 12ആം ഓവറിൽ താളം കണ്ടെത്തി. ആദിൽ റഷീദ് എറിഞ്ഞ ഓവറിൽ രണ്ട് ബൗണ്ടറിയും രണ്ട് സിക്സറുമാണ് ഇഷാൻ അടിച്ചത്. 36 പന്തിൽ കിഷൻ ഫിഫ്റ്റി തികച്ചു. കോലി (11) വേഗം പുറത്തായി. ലിയാം ലിവിങ്സ്റ്റൺ ആണ് ഇന്ത്യൻ ക്യാപ്റ്റനെ മടക്കി അയച്ചത്. നാലാം നമ്പറിലെത്തിയ ഋഷഭ് പന്ത് തകർപ്പൻ ഫോമിലായിരുന്നു. ഇതിനോടൊപ്പം കിഷനും ഇടതടവില്ലാതെ ബൗണ്ടറികൾ കണ്ടെത്തിയതോടെ ഇന്ത്യ അനായാസം കുതിച്ചു. ഇതിനിടെ രണ്ട് തവണ കിഷനെ ഇംഗ്ലണ്ട് ഫീൽഡർമാർ നിലത്തിട്ടു. 46 പന്തുകളിൽ 70 റൺസെടുത്ത കിഷൻ റിട്ടയർഡ് ഹർട്ട് ആയി സൂര്യകുമാറിന് അവസരം നൽകി. എന്നാൽ 8 റൺസ് മാത്രമെടുത്ത സൂര്യകുമാർ യാദവ് ഡേവിഡ് വില്ലിയുടെ ഇരയായി മടങ്ങി. പിന്നാലെയെത്തിയ ഹർദ്ദിക് പാണ്ഡ്യ ചില ബൗണ്ടറികളോടെ മികച്ച പ്രകടനം നടത്തി. എങ്കിലും ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയത് ഇന്ത്യക്ക് ആശങ്കയാണ്. 19ആം ഓവറിലെ അവസാന പന്തിൽ സിക്സറടിച്ച ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ വിജയ റൺ നേടിയത്. ക്രിസ് ജോർഡൻ എറിഞ്ഞ ഓവറിൽ രണ്ട് നോബോൾ, മൂന്ന് ബൗണ്ടറികൾ, ഒരു സിക്സർ എന്നിവ അടക്കം 23 റൺസാണ് ഇന്ത്യ നേടിയത്. പന്ത് (29), പാണ്ഡ്യ (12) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights : india won against england t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here