പരപ്പാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി; കല്ലടയാറിന്റെ കരയിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

കൊല്ലം ജില്ലയിലെ തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ 160 സെ.മീ ഉയര്‍ത്തി. ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ക്രമാനുഗതമായി 200 സെ.മീ വരെ ഷട്ടര്‍ ഉയര്‍ത്തും.
ഷട്ടറുകള്‍ തുറന്നതോടെ കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെന്മല ഡാമിലെ ജലനിരപ്പ് താഴ്ന്ന് റെഡ് അലേര്‍ട്ട് പിന്‍വലിച്ചെങ്കിലും കല്ലടയാറില്‍ നിലവില്‍ റെഡ് അലേര്‍ട്ടാണ്. തെന്മലയില്‍ ഇന്ന് മഴ കുറഞ്ഞിട്ടുണ്ട്.
കക്കി ഡാം തുറന്നതോടെ പമ്പാ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അഞ്ചുമണിക്കൂറിനകം വടശ്ശേരിക്കരയില്‍ കക്കി ഡാമില്‍ നിന്നുള്ള വെള്ളമെത്തും. പെരുന്നാട്ടില്‍ മൂന്ന് മണിക്കൂറിനുള്ളിലും റാന്നിയില്‍ അഞ്ചുമണിക്കൂറിനുള്ളിലും വെള്ളമെത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കിസുമത്ത് രണ്ട് മണിക്കൂറിനകവും അത്തിക്കയത്ത് മൂന്ന് മണിക്കൂറിനകവുമാണ് ജലനിരപ്പുയരുക. ഡാം തുറന്ന് 13 മണിക്കൂറിനുശേഷമേ ആറന്മുളയിലും ചെങ്ങന്നൂരിലും ജലനിരപ്പുയരൂ. തിരുവല്ലയിലും അപ്പര്‍ കുട്ടനാട്ടിലും കക്കി ഡാമില്‍ നിന്നുള്ള ജലമെത്താന്‍ 15 മണിക്കൂറെടുക്കും. കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.
Read Also : കക്കി ഡാം തുറന്നു; ഘട്ടംഘട്ടമായി 120 സെ.മീ വരെ ഉയര്‍ത്തും
ജലനിരപ്പുയര്‍ന്നതോടെ തൃശൂര്‍ ഷോളയാര്‍ ഡാമിന്റെയും ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. സെക്കന്‍ഡില്‍ 24.47 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ 2662.8 അടിയാണ് ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ്. 2663 അടിയാണ് പരമാവധി സംഭരണശേഷി. ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
Story Highlights : parappar dam open